ഇംഫാൽ : മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ കുക്കി വിഭാഗം വലിയ തോതിലുള്ള ആക്രമണങ്ങളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. ഉഖ്രുൽ ജില്ലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ലിറ്റൺ സാരെഖോങ് ഗ്രാമത്തിലെ നിരവധി വീടുകൾക്ക് ആയുധധാരികളായ അക്രമികൾ തീയിട്ടു. 21 വീടുകളാണ് ആക്രമണകാരികൾ കത്തിച്ചത്. കൂടുതൽ അക്രമം ഭയന്ന് ഗ്രാമവാസികൾ അയൽ ജില്ലയായ കാങ്‌പോക്പിയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. തങ്ഖുൽ ഗ്രാമവാസികളിൽ പലരും വീടുകൾ വിട്ട് പലായനം ചെയ്തു.
ലിറ്റൺ ഗ്രാമത്തിലെ തങ്ഖുൽ നാഗ സമുദായത്തിൽ പെട്ട ഒരാളെ കുക്കി വിഭാഗം ആക്രമിച്ചു. ഇന്നലെ അർദ്ധരാത്രി, തങ്ഖുൽ നാഗ സമുദായത്തിൽപ്പെട്ടവരുടെ വീടുകൾക്ക് തീയിട്ടു. സംഭവത്തിന് പിന്നിൽ കുക്കി തീവ്രവാദികളാണെന്ന് നാഗ സമുദായം ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സുരക്ഷാ സേനയെ അയച്ചിട്ടുണ്ട്. തങ്ഖുൽ നാഗ ലോങ്, അസം റൈഫിൾസ് ഉദ്യോഗസ്ഥർ, എംഎൽഎമാർ, കുക്കി സമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ഒരു വലിയ സമാധാന യോഗവും സർക്കാർ വിളിച്ചു ചേർത്തിട്ടുണ്ട്.








