ലോക്സഭയിൽ വീണ്ടും രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ചോദ്യം ചെയ്തു. മോദി സർക്കാർ ഭാരതത്തെ അമേരിക്കയ്ക്ക് ‘വിറ്റു’ എന്നും ഇതൊരു ‘മൊത്തത്തിലുള്ള കീഴടങ്ങൽ’ ആണെന്നും ആരോപിച്ച രാഹുലിനോട്, ഉന്നയിച്ച ആരോപണങ്ങൾ സഭയിൽ സത്യവാങ്മൂലം നൽകി സാക്ഷ്യപ്പെടുത്താൻ (Authenticate) റിജിജു വെല്ലുവിളിച്ചു. വെറും രാഷ്ട്രീയ പ്രസംഗമല്ല നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പറയുന്ന വാക്കുകൾക്ക് ഗൗരവമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വ്യാപാര കരാറിലൂടെ 150 കോടി ഭാരതീയരുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദി പണയപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ബിജെപിയുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയുടെ കൈകളിൽ ഏൽപ്പിച്ചുവെന്നും രാഹുൽ ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ നിബന്ധന ഇന്ത്യ അംഗീകരിച്ചുവെന്നും ഏതോ ഒരു ‘ചോക്ക് ഹോൾഡ്’ (വീർപ്പുമുട്ടിക്കുന്ന പിടി) ഉള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു കരാറിൽ ഒപ്പിട്ടതെന്നും രാഹുൽ പറഞ്ഞു.
. “നിങ്ങൾ ഒരേ കാര്യം തന്നെ ആവർത്തിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. സഭയുടെ അധ്യക്ഷൻ വിലക്കിയിട്ടും നിങ്ങൾ ആരോപണങ്ങൾ തുടരുകയാണ്. പ്രതിപക്ഷ നേതാവ് എന്നത് ഒരു സാധാരണ പദവിയല്ല, നിങ്ങൾ പറയുന്ന ഓരോ വാക്കിനും വലിയ പ്രത്യാഘാതങ്ങളുണ്ട്. അതുകൊണ്ട് ഉന്നയിച്ച കാര്യങ്ങൾ സാക്ഷ്യപ്പെടുത്താൻ തയ്യാറാകണമെന്ന്,” റിജിജു ആഞ്ഞടിച്ചു. ഇതോടെ താൻ ഇപ്പോൾ തന്നെ തെളിവ് നൽകാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും സഭാ നടപടികളുടെ ചട്ടപ്രകാരം അത് സ്പീക്കറുടെ സാന്നിധ്യത്തിൽ മാത്രമേ സാധ്യമാകൂ എന്ന് ചെയറിലുണ്ടായിരുന്ന ജഗദംബിക പാൽ വ്യക്തമാക്കി.








