ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിന് പച്ചക്കൊടി. വ്യോമസേനയ്ക്കായി 114 റഫാൽ മൾട്ടി റോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ആണ് ഈ ചരിത്രപരമായ തീരുമാനത്തിന് ‘അക്സപ്റ്റൻസ് ഓഫ് നെസസിറ്റി’ (AoN) നൽകിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭാരത സന്ദർശനത്തിന് തൊട്ടുമുമ്പുള്ള ഈ പ്രഖ്യാപനം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ കരാർ. ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 18 എണ്ണം മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനിൽ നിന്ന് നേരിട്ട് വാങ്ങുക. ബാക്കി 96 വിമാനങ്ങളും അത്യാധുനിക സാങ്കേതികവിദ്യ കൈമാറിക്കൊണ്ട് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഹൈദരാബാദിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്നാകും ഇതിന്റെ നിർമ്മാണം നടക്കുകയെന്നാണ് സൂചന. ഇതോടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ റഫാൽ ഓപ്പറേറ്റർമാരിൽ ഒന്നായി മാറും.
കഴിഞ്ഞ വർഷം മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക് ഭീകരതാവളങ്ങൾ തകർക്കാൻ റഫാൽ വിമാനങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അതീവ കൃത്യതയാർന്ന സ്‌കാൽപ് (SCALP) മിസൈലുകൾ ഉപയോഗിച്ച് ശത്രുവിന്റെ ഒളിത്താവളങ്ങൾ തകർക്കാൻ റഫാലിന് കഴിഞ്ഞു. പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ ശത്രുരാജ്യങ്ങളുടെ ഏത് നീക്കത്തെയും ആകാശത്ത് വെച്ച് തന്നെ തകർക്കാൻ വ്യോമസേനയ്ക്ക് സാധിക്കും.
നാവികസേനയ്ക്ക്: കടലിലെ ശത്രു നീക്കങ്ങൾ നിരീക്ഷിക്കാൻ അമേരിക്കയിൽ നിന്ന് ആറ് പി-8ഐ (P-8I) നിരീക്ഷണ വിമാനങ്ങളും ഗ്യാസ് ടർബൈൻ ജനറേറ്ററുകളും വാങ്ങും.
കരസേനയ്ക്ക്: തദ്ദേശീയമായി നിർമ്മിച്ച ‘വിഭവ്’ ആന്റി ടാങ്ക് മൈനുകളും ടി-72 ടാങ്കുകളുടെ ആധുനികവൽക്കരണവും നടപ്പിലാക്കും.
പുതിയ സാങ്കേതികവിദ്യ: ആശയവിനിമയത്തിനും നിരീക്ഷണത്തിനുമായി വായുസേനയ്ക്ക് ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റുകളും (AS-HAPS) ലഭിക്കും.











