ബെംഗളൂരു; ബെംഗളൂരുവിൽ നടന്ന ആറാമത് ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. ഹാമർ മിസൈൽ നിർമ്മാണത്തിൽ ഇരുരാജ്യങ്ങളും ഉണ്ടാക്കിയ കരാർ ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക് കൂടുതൽ കരുത്ത് നൽകും. ഫ്രഞ്ച് കമ്പനിയായ സഫ്രാനും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തൽ.
ഇത് ആകാശത്തുനിന്നും ഭൂമിയിലേക്ക് തൊടുക്കാവുന്ന (Air-to-Ground) അതിനൂതനമായ മിസൈലാണ്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ വിമാനങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഈ കരാറിലൂടെ ഹാമർ മിസൈലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കും. ഇത് ഇറക്കുമതി കുറയ്ക്കാനും സാങ്കേതികവിദ്യ കൈമാറാനും സഹായിക്കും.
ഇന്ത്യൻ കരസേനയുടെയും ഫ്രഞ്ച് ലാൻഡ് ഫോഴ്സസിന്റെയും പരിശീലന കേന്ദ്രങ്ങളിലും ആസ്ഥാനങ്ങളിലും ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കാൻ തീരുമാനിച്ചു. ഇത് ഇരുസേനകളും തമ്മിലുള്ള ആശയവിനിമയവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കും.
ഇന്ത്യയും ഫ്രാൻസും പതിവായി മൂന്ന് തരത്തിലുള്ള സൈനികാഭ്യാസങ്ങൾ നടത്താറുണ്ട്. നാവികസേനാഭ്യാസത്തിനായി വരുണ, വ്യോമസേനാഭ്യാസത്തിനായി ഗരുഡ , കരസേനാഭ്യാസത്തിനായി ശക്തി എന്നിങ്ങനെയാണ് സൈനികാഭ്യാസങ്ങൾ നടത്തിവരുന്നത്.
റഷ്യയും അമേരിക്കയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഫ്രാൻസ്. പ്രതിരോധ സഹകരണ കരാർ പത്തു വർഷത്തേക്ക് കൂടി പുതുക്കിയത് വരും ദശകങ്ങളിൽ അത്യാധുനിക ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് വേഗത കൂട്ടും.









Discussion about this post