ബലാത്സംഗക്കേസിൽ നിർണ്ണായകമായ ഒരു നിരീക്ഷണവുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ലിംഗപ്രവേശനം (Penetration) നടക്കാതെ ശുക്ലവിസർജ്ജനം നടക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ഇത് ‘ബലാത്സംഗശ്രമം’ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. 2005-ൽ പ്രതിക്ക് ലഭിച്ച ഏഴ് വർഷത്തെ തടവുശിക്ഷ ഇതോടെ കോടതി മൂന്നര വർഷമായി വെട്ടിക്കുറച്ചു. ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
2004 മെയ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയ പ്രതി, സ്വന്തം മുറിയിൽ പൂട്ടിയിടുകയും കയ്യും കാലും കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എട്ട് മണിക്കൂറോളം മുറിക്കുള്ളിൽ ബന്ദിയാക്കപ്പെട്ട യുവതിയെ ഒടുവിൽ അമ്മയെത്തിയാണ് രക്ഷിച്ചത്. കീഴ്ക്കോടതിയിൽ യുവതി നൽകിയ മൊഴിയിൽ ലിംഗപ്രവേശനം നടന്നതായി പറഞ്ഞിരുന്നില്ല. പകരം പ്രതി തന്റെ സ്വകാര്യ ഭാഗങ്ങൾക്ക് മുകളിൽ പത്ത് മിനിറ്റോളം സ്പർശിച്ചുവെന്നും ലിംഗപ്രവേശനം നടന്നില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലും കന്യാചർമ്മത്തിന് (Hymen) യാതൊരു പരിക്കുമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം (IPC) സെക്ഷൻ 375 പ്രകാരം ബലാത്സംഗം എന്ന് നിർവചിക്കണമെങ്കിൽ ലിംഗപ്രവേശനം അനിവാര്യമാണ്. എന്നാൽ ഈ കേസിൽ പ്രതിയുടെ ഉദ്ദേശ്യം ക്രിമിനൽ സ്വഭാവമുള്ളതാണെങ്കിലും പ്രവേശനം നടന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുൻപ് സുപ്രീം കോടതി നൽകിയിട്ടുള്ള വിവിധ വിധികളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം. പ്രതിയുടെ ശിക്ഷ 376(1) എന്ന വകുപ്പിൽ നിന്നും മാറ്റി 376/511 (ബലാത്സംഗശ്രമം) എന്ന വകുപ്പിലേക്ക് മാറ്റിയതോടെയാണ് ശിക്ഷ പകുതിയായി കുറഞ്ഞത്. പ്രതി ചെയ്ത മറ്റ് അതിക്രമങ്ങൾക്ക് (അന്യായമായി തടങ്കലിൽ വെക്കുക) ലഭിച്ച ശിക്ഷയിൽ മാറ്റമില്ല.








Discussion about this post