കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടവുമായി എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. മികച്ച നോവൽ/കഥ വിഭാഗത്തിൽ അദ്ദേഹം രചിച്ച ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇതേ വിഭാഗത്തിൽ പി. വി. ഷാജികുമാറിന്റെ ‘ജാനകി ഉണ്ടാക്കിയ കഥകൾ’ എന്ന പുസ്തകവും പുരസ്കാരം പങ്കിട്ടു.. ശ്രീജിത്ത് മൂത്തേടത്തിന്റെ ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന കൃതി ഇതിനോടകം തന്നെ കുട്ടിവായനക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, എട്ട് പ്രധാന വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതിയും വേദിയും ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് അറിയിക്കും.
2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളിൽ നിന്നാണ് ഈ വർഷത്തെ ജേതാക്കളെ തിരഞ്ഞെടുത്തത്. കവിത വിഭാഗത്തിൽ രാവുണ്ണിയുടെ ‘മാവമ്മ’ എന്ന കൃതിയും, വൈജ്ഞാനിക വിഭാഗത്തിൽ ഫൈറോസ് ബീഗം പി. രചിച്ച ‘വീട്ടിലെത്തിയ വിരുന്നുകാർ’ എന്ന പുസ്തകവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്ര സാഹിത്യത്തിൽ പ്രദീപ് ഓർക്കാട്ടേരിയുടെ ‘പുല്ലരി മധുരം – മുത്താറി മുതൽ മലഞ്ചാമ വരെ’ എന്ന കൃതി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
മറ്റ് വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ ഇവരാണ്: മലയാളത്തിന്റെ കവികളെ പരിചയപ്പെടുത്തിയ ഫില്ലിസ് ജോസഫ് (ജീവചരിത്രം / ആത്മകഥ), ‘മുതലക്കെട്ട്’ എന്ന നാടകത്തിലൂടെ ജി. ശ്രീകണ്ഠൻ (നാടകം), ‘കാട്ടിൽ ഒരു ഒളിച്ചുകളി’ എന്ന കൃതിയിലെ വർണ്ണാഭമായ ചിത്രങ്ങളിലൂടെ അരുണ നാരായണൻ ആലഞ്ചേരി (ചിത്രീകരണം) എന്നിവരും പുരസ്കാരത്തിന് അർഹരായി. സത്യജിത് റേയുടെ വിശ്വപ്രസിദ്ധമായ ഫെലൂദ കഥകളുടെ പുനരാഖ്യാനമായ ‘ഡിറ്റക്റ്റീവ് ഫെലൂദ’യിലൂടെ എം. ചന്ദ്രപ്രകാശ് വിവർത്തന വിഭാഗത്തിലും നേട്ടം കൊയ്തു.








