ശ്രീനഗർ : ജമ്മുകശ്മീർ അതിർത്തിയിൽ നിന്നും വീണ്ടും പാകിസ്താൻ ബലൂൺ കണ്ടെത്തി. ജമ്മുവിനടുത്തുള്ള അഖ്‌നൂർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപത്തു നിന്നുമാണ് തിങ്കളാഴ്ച ബലൂൺ കണ്ടെത്തിയത്. ഏതാനും കറൻസികളും ഒരു ക്യു ആർ കോഡും ഉൾപ്പെടെയുള്ളവ ഈ ബലൂണിനുള്ളിൽ ഉണ്ടായിരുന്നു. ഖൗർ അതിർത്തിയിലെ ഗുണാര ഗ്രാമത്തിലെ ഒരു മരത്തിൽ വിമാനത്തിന്റെ ആകൃതിയിലുള്ള വെള്ളയും ചുവപ്പും നിറത്തിലുള്ള ബലൂണുകൾ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
5,000 രൂപയുടെ പാകിസ്താനി കറൻസി നോട്ടും ഒരു യുഎസ് ഡോളറും പതിച്ച രണ്ട് ബലൂണുകൾ കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് പറഞ്ഞു. കൂടാതെ ഒരു പാകിസ്താൻ മൊബൈൽ നമ്പറും ക്യുആർ കോഡും ബലൂണിനുള്ളിൽ നിന്നും കണ്ടെത്തി. പാകിസ്താൻ അടയാളങ്ങൾ പതിച്ച ബലൂണുകളുടെ ഉദ്ദേശ്യം സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനും സാധാരണ പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.








