കാബൂൾ : ശനിയാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ്’ എന്ന പാകിസ്താന്റെ അഫ്ഗാനിസ്ഥാനെതിരായ ഓപ്പറേഷന്റെ ഭാഗമായ സ്ഫോടനം ആയിരുന്നു ഇതെന്നാണ് സൂചന. അതേസമയം താലിബാൻ സൈന്യം പാകിസ്താനെതിരെ ‘റാദ് അൽ-സുൽഅം’ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി നിരവധി അതിർത്തി ചെക്ക് പോസ്റ്റുകൾ താലിബാൻ സൈന്യം ആക്രമിച്ചു. കൂടാതെ പാകിസ്താനിലെ മിറാൻഷയിലെയും സ്പിൻവാമിലെയും പാകിസ്ഥാൻ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായും താലിബാൻ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അവസാനം പാകിസ്താൻ അഫ്ഗാൻ പ്രദേശത്തിനുള്ളിൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഏറ്റവും പുതിയ സംഘർഷം ആരംഭിച്ചത്.
ആക്രമണങ്ങളിൽ 274 താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 55 പാകിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാനും അറിയിച്ചു. അതേസമയം ചൈന ഇരു രാജ്യങ്ങളോടും വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ഇറാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പാകിസ്താനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നത്.










