മസ്കറ്റ് : ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിച്ച് യുഎസ്. ഒമാൻ ഉൾക്കടലിൽ വച്ചായിരുന്നു ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയത്. കപ്പൽ മുങ്ങിയതായി യുഎസ് വ്യക്തമാക്കി. ചബഹാർ തുറമുഖത്തിന് സമീപം ഇറാനിയൻ ജമറാൻ ക്ലാസ് കോർവെറ്റ് ആണ് ആക്രമിച്ചതെന്ന് യുഎസ് സ്ഥിരീകരിച്ചു. കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു.
അതേസമയം അമേരിക്കൻ കപ്പൽ ആയ യുഎസ്എസ് എബ്രഹാം ലിങ്കണിനു നേരെ ഇറാൻ ആക്രമണം നടത്തി എന്ന വാർത്ത യുഎസ് തള്ളിക്കളഞ്ഞു. കപ്പലിന്റെ അടുത്ത് പോലും ഇറാൻ മിസൈലുകൾ എത്തിയില്ലെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ്എസ് എബ്രഹാം ലിങ്കണിനെ ഇറാൻ സൈന്യം നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. യുഎസ് സെൻട്രൽ കമാൻഡ് ഈ അവകാശവാദങ്ങൾ നുണയാണെന്നും ലിങ്കൺ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.









