ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗറിയിൽ നിന്നും കഴിഞ്ഞദിവസം കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മനവാർ അരുവിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശിപായി അക്ഷിത് ശർമ്മ ആണ് മരിച്ച സൈനികൻ എന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഖൗർ പ്രദേശത്ത് സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംഘം നടത്തിയ തിരച്ചിലിലാണ് അരുവിയിൽ നിന്നും സൈനികന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
നദി മുറിച്ചുകടക്കൽ പരിശീലനത്തിനിടെ ആണ് സൈനികനെ കാണാതായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുന്ദർബാനിയിലെ പൊതു പ്രദേശത്ത് നടന്ന പരിശീലനത്തിനിടയിൽ സൈനികൻ അപകടത്തിൽ പെടുകയായിരുന്നു. വൈകാതെ തന്നെ സൈന്യവും മറ്റു സിവിൽ ഏജൻസികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരു ദിവസം നീണ്ട തിരച്ചിലിന് ശേഷം ഇന്ന് രാവിലെയാണ് മനവാർ അരുവിയിൽ നിന്നും സൈനികന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.









