ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ടത്.
രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചു എന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നു. വെടിവെപ്പിനിടെ ഒരു ഭീകരൻ പാക് പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ നൗഷേരയിലെ ജാൻഗർ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് തീവ്രവാദികളുടെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാ സേന പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സെക്ടറിലുടനീളം സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.








