പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാത്ത നാറ്റോ (NATO) സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സഖ്യകക്ഷികളെ “ഭീരുക്കൾ” എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ ഈ സൈനിക സഖ്യം വെറുമൊരു “പേപ്പർ പുലി” മാത്രമാണെന്ന് പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യങ്ങളെ കൃത്യമായി ഓർത്തുവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ട്രംപിന്റെ ഈ പ്രസ്താവന ആഗോള നയതന്ത്ര തലത്തിൽ വലിയ വിള്ളലുകളാണ് വീഴ്ത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം നീക്കാനും ഇന്ധനവില വർദ്ധനവ് തടയാനും നാറ്റോ രാജ്യങ്ങളുടെ സഹായം ട്രംപ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാമെന്ന് നാറ്റോ രാജ്യങ്ങൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും നേരിട്ടുള്ള സൈനിക നടപടിയിൽ പങ്കുചേരാൻ അവർ വിസമ്മതിക്കുകയാണ്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ സഹായിക്കാത്തവർക്ക് ഭാവിയിൽ അമേരിക്കയുടെ സംരക്ഷണം പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയും ട്രംപ് നൽകുന്നു.
. ട്രംപിന്റെ ഈ കടുത്ത നിലപാട് നാറ്റോ സഖ്യത്തിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കയും മറ്റ് സഖ്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.









