പോലീസിനെ വെട്ടിച്ച് മാസങ്ങളോളം അദൃശ്യയായി തുടർന്ന ഡൽഹിയിലെ ലഹരി മാഫിയാ തലവൻ ‘ഡ്രഗ് ക്വീൻ’ കുസുമം ഒടുവിൽ പിടിയിൽ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രണ്ട് മാസമായി പോലീസ് നടത്തിവന്ന അതിശക്തമായ തിരച്ചിലിനൊടുവിലാണ് ഷഹ്ദരയിൽ വെച്ച് കുസുമത്തെ പിടികൂടിയത്. 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഇവർക്കെതിരെ മക്കോക്ക (MCOCA) ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ ഒഴിവാക്കിയും നിരന്തരം ഒളിത്താവളങ്ങൾ മാറ്റിയും പോലീസിനെ വെല്ലുവിളിച്ച കുസുമത്തിന്റെ അന്ത്യം ഷഹ്ദരയിൽ വെച്ച് തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു.
ഈ വമ്പൻ സ്രാവിനെ വലയിലാക്കാൻ 200-ഓളം സിസിടിവി ക്യാമറകളും നൂറിലധികം മൊബൈൽ ഫോൺ റെക്കോർഡുകളുമാണ് ഷഹ്ദര പോലീസ് വിശകലനം ചെയ്തത്. ഓരോ തവണയും പോലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് കുസുമം കടന്നുകളഞ്ഞിരുന്നു. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാതെ പുതിയ സിം കാർഡുകളും ഹൈടെക് അല്ലാത്ത ആശയവിനിമയ മാർഗ്ഗങ്ങളും സ്വീകരിച്ചതാണ് ഇവരെ കണ്ടെത്തുന്നത് വൈകിപ്പിച്ചത്. എന്നാൽ വ്യാഴാഴ്ച ഷഹ്ദരയിലേക്ക് ഇവർ എത്തുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ പോലീസ് സംഘം രക്ഷപ്പെടാനുള്ള അവസാന ശ്രമവും തകർത്ത് ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഡൽഹിയിലെ സുൽത്താൻപുരിയിൽ ഒരു സാധാരണ ലഹരി വിൽപനക്കാരിയായി തുടങ്ങി അയൽസംസ്ഥാനങ്ങളിലേക്ക് വരെ പടർന്ന വലിയൊരു ലഹരി ശൃംഖലയുടെ തലവനായി കുസുമം വളരുകയായിരുന്നു. വെറുമൊരു ക്രിമിനൽ എന്നതിലുപരി സ്വന്തം കുടുംബത്തെ തന്നെ ഇതിനായി ഇവർ ഉപയോഗിച്ചിരുന്നു. കുസുമത്തിന്റെ മക്കളായ ദീപ, ചിക്കു എന്നിവരെ നേരത്തെ തന്നെ മക്കോക്ക നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരൻ ഹരി ഓം, സഹായി രവി എന്നിവരും ഈ സിൻഡിക്കേറ്റിലെ പ്രധാനികളാണ്. 2003 മുതൽ 2024 വരെയുള്ള കാലയളവിൽ 11-ഓളം എൻഡിപിഎസ് (NDPS) കേസുകൾ കുസുമത്തിനെതിരെയുണ്ട്. ഈ അറസ്റ്റോടെ തലസ്ഥാനത്തെ സംഘടിത ലഹരി മാഫിയയുടെ നട്ടെല്ല് ഒടിഞ്ഞു എന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇത്രയും കാലം ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് ലഹരി സാമ്രാജ്യം വാണ കുസുമത്തെ പിടികൂടാനായത് വലിയ നേട്ടമാണ്.












