ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ നിക്കോളാസ് പൂരന് സുനിൽ നരൈൻ എന്നത് ഇപ്പോഴും ഒരു കീറാമുട്ടിയായി തുടരുന്നു. ഐപിഎൽ 2026-ൽ ഏപ്രിൽ 26-ന് നടന്ന ലഖ്‌നൗ – കൊൽക്കത്ത മത്സരത്തിലെ സൂപ്പർ ഓവറിൽ പൂരനെ ഗോൾഡൻ ഡക്കിന് പുറത്താക്കിയതോടെ ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ നരൈൻ തന്റെ ആധിപത്യം ഉറപ്പിച്ചു.
സൂപ്പർ ഓവറുകളിൽ മൂന്ന് തവണയാണ് ഇരുവരും നേർക്കുനേർ വന്നത്. ഈ മൂന്ന് തവണയും പൂരനെ പുറത്താക്കാൻ നരൈന് സാധിച്ചു. 2014-ലെ കരീബിയൻ പ്രീമിയർ ലീഗിൽ (CPL) പ്രൊവിഡൻസിൽ നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ മെയ്ഡൻ സൂപ്പർ ഓവർ നരൈൻ എറിഞ്ഞത്. അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന പൂരനെതിരെ തുടർച്ചയായ നാല് പന്തുകൾ ‘പ്ലേ ആൻഡ് മിസ്സ്’ ചെയ്യിച്ച നരൈൻ, അഞ്ചാം പന്തിൽ താരത്തെ പുറത്താക്കി. ടി20 ചരിത്രത്തിലെ ഏക മെയ്ഡൻ സൂപ്പർ ഓവർ എന്ന റെക്കോർഡ് ഇന്നും നരൈന്റെ പേരിലാണ്.
2021 ലും സൂപ്പർ ഓവറിൽ കരീബിയൻ പ്രീമിയർ ലീഗിൽ ഇരുതാരങ്ങളും നേർക്കുനേർ വന്നു. അന്നും ജയം സുനിൽ നരൈനൊപ്പം ആയിരുന്നു. അന്ന് അദ്ദേഹം എറിഞ്ഞ രണ്ട് പന്തിൽ ഒരു റൺ മാത്രമാണ് നിക്കോളാസിന് നേടാനായത്. 12 വർഷങ്ങൾക്കിപ്പുറം ഐപിഎല്ലിലും സമാനമായ കാഴ്ചയാണ് കണ്ടത്.
ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തും കോച്ച് ജസ്റ്റിൻ ലാംഗറും ഫോമിലല്ലാത്ത പൂരനെ നരൈനെ നേരിടാൻ അയച്ചപ്പോൾ അത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. നരൈന്റെ വേഗതയേറിയ ഓഫ്-ബ്രേക്കിൽ ആദ്യ പന്തിൽ തന്നെ പൂരൻ ക്ലീൻ ബൗൾഡായി. സൂപ്പർ ഓവറിൽ ലഖ്‌നൗ നേടിയ ഒരു റൺസ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് കുറഞ്ഞ സ്കോറാണ്.











