ആഗോള വിപണിയിൽ എണ്ണവില ബാരലിന് 126 ഡോളറിലേക്ക് കുതിച്ചുയരുകയും ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്തതോടെ പാകിസ്താൻ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും നയതന്ത്ര മികവിനെയും പുകഴ്ത്തി പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തന്നെ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. ‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല’ എന്ന മന്ത്രിയുടെ തുറന്നുപറച്ചിൽ പാകിസ്താൻ്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതാണ്. 600 ബില്യൺ ഡോളറിന് മുകളിൽ വിദേശനാണ്യ ശേഖരമുള്ള ഇന്ത്യയ്ക്ക് എണ്ണവില കൂടുമ്പോൾ നികുതി കുറച്ച് ജനങ്ങളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും, എന്നാൽ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് കടമെടുത്തു മുടിഞ്ഞ പാകിസ്ഥാന് അതിന് സാധിക്കില്ലെന്നും മന്ത്രി ഒരു പാക് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ത്യയുടെ പക്കൽ 60-70 ദിവസത്തേക്കുള്ള തന്ത്രപ്രധാന എണ്ണശേഖരമുണ്ട്. ഒരു ഒപ്പിട്ടാൽ ഇന്ത്യയ്ക്ക് ഈ കരുതൽ ശേഖരം വിപണിയിലിറക്കി വില നിയന്ത്രിക്കാനാകും. എന്നാൽ പാകിസ്താൻ പക്കൽ വെറും അഞ്ച് മുതൽ ഏഴ് ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമേയുള്ളൂവെന്നും മാലിക് പറഞ്ഞു. ഐഎംഎഫിന്റെ കർശന നിബന്ധനകൾ കാരണം ജനങ്ങൾക്ക് മേൽ ഇന്ധന ലെവി അടിച്ചേൽപ്പിക്കാൻ പാകിസ്ഥാൻ നിർബന്ധിതരാകുമ്പോൾ, ഇന്ത്യ എക്സൈസ് ഡ്യൂട്ടി പത്ത് രൂപയോളം കുറച്ച് ഇന്ധനവില സ്ഥിരമായി നിലനിർത്തുകയാണ് ചെയ്തത്. പാകിസ്താൻ്റെ പക്കൽ വെറും 5 മുതൽ 7 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമാണുള്ളതെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ധന വിപണന കമ്പനികളുടെ പക്കലുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ കൂടി കൂട്ടിയാൽ പോലും പരമാവധി 20-21 ദിവസത്തിനപ്പുറം പാകിസ്താന് പിടിച്ചുനിൽക്കാനാവില്ല. എന്നാൽ ഇന്ത്യയാകട്ടെ 60 മുതൽ 70 ദിവസം വരെയുള്ള കരുതൽ ശേഖരവുമായാണ് അന്താരാഷ്ട്ര വിപണിയിലെ ഈ കൊടുംകാറ്റിനെ നേരിടുന്നത്.
പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 378 രൂപയിലേക്ക് കുതിച്ചുയർന്നു. ഇന്ധന സബ്‌സിഡി നൽകാൻ പോലും പണമില്ലാതെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ വലയുകയാണ്. ഇറാൻ-അമേരിക്ക സംഘർഷം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് പാക് പ്രധാനമന്ത്രി വിലപിക്കുമ്പോഴും, ശരിയായ സാമ്പത്തിക ആസൂത്രണത്തിലൂടെയും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന വിദേശനയത്തിലൂടെയും ഇന്ത്യ സുരക്ഷിതമായി മുന്നേറുകയാണ്.
ഭാരതത്തിന്റെ ആത്മനിർഭർ നയങ്ങളും ശക്തമായ നേതൃത്വവുമാണ് ഈ വലിയ വ്യത്യാസത്തിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. പാകിസ്താൻ ഇന്ന് നേരിടുന്ന ഓരോ തിരിച്ചടിയും ഇന്ത്യയുടെ വളർച്ചയ്ക്കുള്ള അംഗീകാരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.










