ചണ്ഡീഗഡ് : പഞ്ചാബിലെ അതീവ സുരക്ഷാ മേഖലകളെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്. ജലന്ധറിലെ ബിഎസ്എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് മുന്നിലും അമൃത്സറിലെ ഖാസ കന്റോൺമെന്റ് ഏരിയയിലുമാണ് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്‌ഫോടനങ്ങളുണ്ടായത്. രണ്ട് സംഭവങ്ങളിലും ഐഇഡി ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് പഞ്ചാബിനെ ഭീതിയിലാഴ്ത്തിയ സ്‌ഫോടനങ്ങളുണ്ടായത്. രാത്രി എട്ട് മണിയോടെ ജലന്ധറിലെ ബിഎസ്എഫ് ചൗക്കിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം. ഒരു ഡെലിവറി ബോയിയുടെ സ്കൂട്ടറിലാണ് സ്‌ഫോടനമുണ്ടായത്. ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പാഴ്സൽ നൽകി മടങ്ങിയ ഗുർപ്രീത് സിംഗ് എന്ന യുവാവിന്റെ വാഹനമാണ് തകർന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിക്കുകയും സമീപത്തെ വൈദ്യുത പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഗുർപ്രീത് പരിക്കുകളോടെ രക്ഷപ്പെട്ടു.
പിന്നാലെ രാത്രി 10:50 ഓടെ അമൃത്സറിലെ സൈനിക ക്യാമ്പിന് പുറത്തും സ്ഫോടനമുണ്ടായി. അട്ടാരി അതിർത്തിയിലേക്കുള്ള പാതയിലുള്ള അതീവ സുരക്ഷാ മേഖലയാണിത്. മതിലിന് പുറത്ത് നിന്ന് ആരോ സ്ഫോടകവസ്തു എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. സ്ഫോടനത്തിൽ ക്യാമ്പിന്റെ ചുറ്റുമതിലിന് കേടുപാടുകൾ സംഭവിച്ചു. ഇവിടെയും ആളപായം ഉണ്ടായിട്ടില്ല. സ്‌ഫോടനങ്ങളെത്തുടർന്ന് പഞ്ചാബ് പൊലീസും കേന്ദ്ര ഏജൻസികളും സംയുക്ത അന്വേഷണം ആരംഭിച്ചു.








