കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ വൻ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ദരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവർക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ജീവൻ നഷ്ടമായ മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54) കൊട്ടാരക്കര കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, അജയകുമാർ (45) എന്നിവരാണ് മരിച്ചത്. ടിപ്പറിനടിയിൽ പെട്ട എട്ട് പേരെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്. ഇതിൽ പരിക്കേറ്റ അഞ്ച് പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ലോറി ഡ്രൈവറായ ചവറ സ്വദേശി നിസാമിനുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും, ഒരാൾ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും, രണ്ട് പേർ കൊല്ലം മെഡിസിറ്റി ആശുപത്രിയിലുമാണ് ഉള്ളത്. മണ്ണുമായി അമിതവേഗതയിലെത്തിയ ടിപ്പർ ലോറി നീലേശ്വരം ജങ്ഷന് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെയും സ്കൂൾ കുട്ടികളുടെയും മുകളിലേക്കാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മണ്ണും വണ്ടിയുടെ ഭാഗങ്ങളും കുട്ടികളുടെ മേലേക്ക് വീണതോടെ ഇവർ പൂർണ്ണമായും അടിയിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെ.സി.ബി ഉപയോഗിച്ച് ടിപ്പർ ഉയർത്തിയും മണ്ണ് നീക്കിയുമാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. നിലവിൽ പ്രദേശത്തെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്. കൊട്ടാരക്കര ഭാഗത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ഈ അപകടം കാരണമായി. എ.ടി.എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.










