മുംബൈ : പുനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിന്റെ ഒരു പഴയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് ആഴ്ചകൾക്ക് മുൻപ് നടന്ന ഒരു വിവാഹപൂർവ്വ ചടങ്ങിൽ തന്റെ പ്രതിശ്രുത വധുവായ സിയ ഗോയലിന്റെ പിതാവിനൊപ്പം കേതൻ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
മെയ് ഏഴിന് നടന്ന ഈ ചടങ്ങിൽ പങ്കെടുത്ത ഗായികയായ റീതു ശർമ്മയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. രണ്ട് കുടുംബങ്ങളും ഒന്നിച്ചുള്ള ഈ സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കേതന്റെ പിതാവായ വിശാൽ അഗർവാൾ ഗായികയ്ക്കൊപ്പം പാട്ടുപാടുന്നതും സിയയുടെ പിതാവ് പ്രവീണിനൊപ്പം കേതൻ നൃത്തം ചെയ്യുന്നതും ഈ വീഡിയോകളിൽ കാണാം. വളരെ സന്തോഷവാനായി കാണപ്പെട്ട കേതന്റെ ദാരുണാന്ത്യത്തിൽ നീതി ആവശ്യപ്പെട്ടുകൊണ്ടും അദ്ദേഹത്തിന്റെ നല്ല സ്വഭാവത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ടുമാണ് ഗായിക ഈ വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂൺ 18-നാണ് 26-കാരനായ കേതനെ പ്രതിശ്രുത വധുവായ 20 വയസ്സുകാരി സിയയും സുഹൃത്തായ 22-കാരൻ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുകയും ജൂലൈ മൂന്ന് വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. മരണത്തിന് ആഴ്ചകൾക്ക് മുൻപ് സിയയുടെ പെരുമാറ്റത്തെക്കുറിച്ചും അവൾ ചേതനുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിനെക്കുറിച്ചും കേതൻ തന്റെ കുടുംബത്തോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി കേതന്റെ പിതാവ് നൽകിയ എഫ്‌ഐആറിൽ പറയുന്നുണ്ട്. വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് സിയയുടെ പശ്ചാത്തലം ശരിയായി അന്വേഷിച്ചിരുന്നോ എന്നും കേതൻ ചോദിച്ചിരുന്നു. എന്നാൽ ഗോയൽ കുടുംബവുമായുള്ള മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ കേതനെ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.












