ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ സ്കൈറൂട്ട് എയറോസ്പേസിന്റെ ‘വിക്രം-1’ ശനിയാഴ്ച വിക്ഷേപണത്തിനൊരുങ്ങുമ്പോൾ, അത് കേവലം ഉപഗ്രഹങ്ങളെ മാത്രമല്ല ബഹിരാകാശത്ത് എത്തിക്കുന്നത്. ഒരു തയ്യൽ സൂചിയുടെ കുഴയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന മൂന്ന് അതിസൂക്ഷ്മ ശില്പങ്ങളും (Micro-Sculptures) വഹിച്ചായിരിക്കും വിക്രം-1 കുതിച്ചുയരുക. ഇന്ത്യൻ ശാസ്ത്ര ലോകത്തെ മൂന്ന് ഇതിഹാസങ്ങളായ നോബൽ സമ്മാന ജേതാവ് ഡോ. സി.വി. രാമൻ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ഡോ. വിക്രം സാരാഭായ്, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ രൂപങ്ങളാണ് ഈ റോക്കറ്റിൽ ഉള്ളത്. വിക്ഷേപണം വിജയകരമായാൽ, ബഹിരാകാശത്തേക്ക് ഒരു മൈക്രോ ആർട്ട് (സൂക്ഷ്മ കലാരൂപം) അയക്കുന്ന ആദ്യത്തെ ഇന്ത്യൻ റോക്കറ്റായി വിക്രം-1 ചരിത്രം കുറിക്കും.
തെലങ്കാനയിലെ വാറങ്കൽ സ്വദേശിയും അന്താരാഷ്ട്രതലത്തിൽ പ്രശസ്തനുമായ മൈക്രോ ആർട്ടിസ്റ്റ് അജയ് കുമാർ മാട്ടേവാഡയാണ് ഈ അത്ഭുത ശില്പങ്ങൾ ഒരുക്കിയത്. വെറും 800 മൈക്രോൺ (0.8 മില്ലിമീറ്റർ) മാത്രമാണ് ഈ ഓരോ ശില്പത്തിന്റെയും വലിപ്പം. അതായത് ഒരു ചെറിയ അരിമണിയേക്കാൾ ചെറുതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തതുമായ ഇവ, മൈക്രോസ്കോപ്പിലൂടെ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. സ്കൈറൂട്ട് എയറോസ്പേസിന്റെ എൻജിനീയറിങ് നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച്, ബഹിരാകാശ യാത്രയ്ക്ക് അനുയോജ്യമായ സ്റ്റെയിൻലെസ് സ്റ്റീൽ, 24 കാരറ്റ് സ്വർണ്ണം, ശുദ്ധമായ വെള്ളി, സെറാമിക് പൗഡർ എന്നിവ കൊണ്ടാണ് ഈ രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവയെ പിന്നീട് 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത കൊച്ചു റോക്കറ്റ് മാതൃകയ്ക്കുള്ളിൽ ഭദ്രമായി ഘടിപ്പിച്ചാണ് വിക്രം-1 ലേക്ക് മാറ്റിയത്. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് അജയ് കുമാർ ഈ കലാരൂപം പൂർത്തിയാക്കിയത്.
ഇന്ത്യയെ ആധുനിക ശാസ്ത്ര ലോകത്തിന്റെ നെറുകയിലെത്തിച്ച മഹത് വ്യക്തിത്വങ്ങൾക്കുള്ള വലിയൊരു ആദരവാണ് ഈ ദൗത്യം. പ്രകാശത്തിന്റെ രഹസ്യങ്ങൾ ചുരുളഴിച്ച സി.വി. രാമൻ ശാസ്ത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യത്തെ നോബൽ സമ്മാനം നേടിത്തന്ന വ്യക്തിയാണ്. ഇന്ന് വിമാനത്താവളങ്ങളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മെഷീനുകൾ വരെ അദ്ദേഹത്തിന്റെ ‘രാമൻ ഇഫക്ട്’ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് അടിത്തറയിട്ട വിക്രം സാരാഭായിയുടെ സ്മരണാർത്ഥമാണ് റോക്കറ്റിന് ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യയ്ക്ക് കരുത്തുപകരുകയും പോഖ്‌റാൻ ആണവപരീക്ഷണത്തിന് നേതൃത്വം നൽകുകയും ചെയ്ത ജനകീയനായ രാഷ്ട്രപതിയാണ് അബ്ദുൾ കലാം. ഈ മൂന്ന് പ്രതിഭകളുടെയും സ്മരണകൾ ബഹിരാകാശത്ത് എത്തുന്നതോടെ ശാസ്ത്രവും കലയും തമ്മിലുള്ള അപൂർവ്വ സംഗമത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.









