പതിനായിരം കോടി രൂപയുടെ വൻ നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവരുമെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രസ്താവന ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി തള്ളിയ വിഷയം അതീവ ഗൗരവതരമാണെന്ന് പി. രാജീവ്. ടാറ്റയുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്കുകളെ ഇത്തരത്തിൽ പരസ്യമായി തള്ളിപ്പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് സ്വന്തം പേരിൽ സ്ഥാപിക്കാൻ ശ്രമിച്ച് മുഖ്യമന്ത്രി ‘എട്ടുകാലി മമ്മൂഞ്ഞ്’ ആകരുതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു. ഒരു ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം വേണ്ട ബുദ്ധിയെങ്കിലും ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാവസായിക വികസനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ടാറ്റയുടെ ഈ അസാധാരണമായ പ്രതികരണമെന്ന് അദ്ദേഹം ആരോപിച്ചു. യാതൊരുവിധ മുൻധാരണകളോ ചർച്ചകളോ ഇല്ലാതെയാണ് വൻ നിക്ഷേപങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പരസ്യ പ്രസ്താവനകൾ നടത്തുന്നത്.
ഇത്തരം ഗൗരവമില്ലാത്ത സമീപനങ്ങൾ ആഗോളതലത്തിൽ കേരളത്തിന്റെ വ്യവസായ സൗഹൃദ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കും. വികസനത്തിന്റെ കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് മുഖ്യമന്ത്രി അടിയന്തിരമായി പിന്മാറണമെന്നും, യഥാർത്ഥ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രായോഗിക നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.












