കോൺഗ്രസിനുള്ളിൽ ചേരിതിരിഞ്ഞുള്ള തർക്കങ്ങളും പരസ്യ പ്രസ്താവനകളും രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്കും മാധ്യമ പാനലിസ്റ്റുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. പാർട്ടി നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി ചർച്ച ചെയ്യരുതെന്നും വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്നും കെപിസിസി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ കർശന നിർദ്ദേശം നൽകി. വക്താക്കൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതി പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. വക്താക്കളിൽ ചിലർ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അസ്വാരസ്യങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ പുകച്ചിലിന് കാരണമായിട്ടുണ്ട്. ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തെത്തുടർന്ന് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് സമയം ആവശ്യപ്പെട്ട് കെഎസ്‌യു പ്രസിഡന്റ് ഉടൻ കത്ത് നൽകും. ഈ വിഷയത്തിൽ പരസ്യമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ നടത്തരുതെന്ന് കെഎസ്‌യു പ്രവർത്തകർക്ക് അലോഷ്യസ് സേവ്യർ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, മുതിർന്ന നേതാക്കൾക്കിടയിൽ നിലവിലെ ചേരിപ്പോരിനെതിരെ ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ട്.
പ്രശ്നം പരിഹരിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി വിളിച്ചുചേർക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും പരോക്ഷമായി വിമർശിച്ച കെപിസിസി വക്താവ് ജിന്റോ ജോൺ, വി.ആർ. അനൂപ് എന്നിവരെ പാർട്ടിയുടെ ഔദ്യോഗിക മീഡിയ പാനലിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് സതീശൻ അനുകൂല വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും വക്താക്കളായി തുടരുന്നത് പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും ഔദ്യോഗികമായി പരാതി നൽകി.
വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണെന്നും പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്നും ഓർമ്മിപ്പിച്ച് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ച വരികൾ പാർട്ടി അണികൾക്കിടയിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് വക്താക്കൾക്ക് മൂക്കുകയറിടാൻ കെപിസിസി ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്.








