തെലങ്കാനയിലെ തൊഴിലില്ലാത്ത യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് ഭാരത് രാഷ്ട്ര സമിതി വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു. ഹൈദരാബാദിലെ സരൂർനഗർ സ്റ്റേഡിയത്തിൽ നടന്ന യുവജന സംഗ്രാമ സദസ്സിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, തെലങ്കാനയിൽ രാഹുൽ ഗാന്ധിയുടെ ‘മൊഹബത്ത് കി ദുകാൻ’ ഇപ്പോൾ ‘ഗദ്ദാരി കാ ഘർ’ ആയി മാറിയിരിക്കുകയാണെന്ന് കെ.ടി.ആർ പരിഹസിച്ചത്.
രാഹുൽ ഗാന്ധിക്ക് തെലുങ്ക് ഭാഷ അറിയാത്തതുകൊണ്ട് തെലങ്കാനയിലെ യുവാക്കളുടെ വേദന മനസ്സിലാകില്ലെന്നും, അതുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന അതേ വാചകം കടമെടുത്ത് താൻ അദ്ദേഹത്തിന് മനസ്സിലാകുന്ന ഭാഷയിൽ മറുപടി നൽകുന്നതെന്നും കെ.ടി.ആർ വ്യക്തമാക്കി. രണ്ട് ലക്ഷം സർക്കാർ ജോലികൾ, വാർഷിക ജോബ് കലണ്ടർ, പ്രതിമാസം 4,000 രൂപ തൊഴിലില്ലായ്മ വേതനം, സ്ത്രീകൾക്ക് സ്കൂട്ടറുകൾ, യുവാക്കൾക്ക് 10 ലക്ഷം രൂപയുടെ പലിശരഹിത വായ്പകൾ തുടങ്ങി കോൺഗ്രസ് നൽകിയ പ്രധാന തിരഞ്ഞെടുപ്പ് ഉറപ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കെ.ടി.ആർ ചോദ്യം ചെയ്തു.
ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഇപ്പോഴും ജോലി സംബന്ധിച്ച വിജ്ഞാപനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഭരണത്തേക്കാൾ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്നും, തൊഴിൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതിന് പകരം തെലങ്കാനയിൽ വൻ കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെലങ്കാനയിലെ ജനങ്ങളുടെ പണം ഉപയോഗിച്ച് ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ പോക്കറ്റ് നിറയ്ക്കാനാണ് സംസ്ഥാന നേതൃത്വം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച കെ.ടി.ആർ, കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങൾ യുവാക്കൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായും വരും ദിവസങ്ങളിൽ ഇതിനുള്ള തിരിച്ചടി കോൺഗ്രസ് നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.









