ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രപരമായ ഹാട്രിക് നേട്ടം സ്വന്തമാക്കിയതിന് പിന്നിൽ അന്നത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇടപെടൽ നടന്ന സംഭത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. 2019 ഓഗസ്റ്റ് 31-ന് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് സബീന പാർക്കിൽ വെച്ച് ഈ ഐതിഹാസിക നിനിമഷം അരങ്ങേറിയത്. വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ ഒൻപതാം ഓവറിൽ ബുംറ തകർപ്പൻ സ്വിംഗ് ബൗളിംഗിലൂടെ കളം നിറഞ്ഞപ്പോൾ രണ്ടാമത്തെ പന്തിൽ കെ.എൽ. രാഹുൽ പിടിച്ചാണ് ഡാരൻ ബ്രാവോ പുറത്തായത്.
തൊട്ടടുത്ത പന്തിൽ ഷമാർ ബ്രൂക്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ രണ്ടാം വിക്കറ്റും നേടി. നിർണ്ണായകമായ ഹാട്രിക് പന്തിൽ റോസ്റ്റൺ ചേസിനെയാണ് ബുംറ നേരിട്ടത്. തകർപ്പൻ ഇൻസ്വിംഗർ ചേസിന്റെ പാഡിൽ പതിച്ചെങ്കിലും പന്ത് ബാറ്റിൽ തട്ടിയെന്ന ധാരണയിൽ ബുംറ ശക്തമായി അപ്പീൽ ചെയ്തിരുന്നില്ല. ഓൺ-ഫീൽഡ് അമ്പയർ പോൾ റീഫലും ഇത് നോട്ടൗട്ട് വിധിച്ചു.
എന്നാൽ സെക്കൻഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്‌ലി പന്തിൽ ബാറ്റ് തട്ടിയിട്ടില്ലെന്ന് പൂർണ്ണമായി ഉറപ്പിച്ചിരുന്നു. സമയം അവസാനിക്കുന്നതിന് തൊട്ടുമുൻപ് ബുംറയോട് സംസാരിച്ച ശേഷം കോഹ്‌ലി ഉടൻ തന്നെ ഡിസിഷൻ റിവ്യൂ സിസ്റ്റം ചലഞ്ച് ചെയ്യുകയായിരുന്നു. തുടർന്ന് ടിവി റീപ്ലേകളും ഹോക്ക്-ഐ ബോൾ ട്രാക്കിംഗും പരിശോധിച്ചപ്പോൾ ബാറ്റ് പന്തിൽ തട്ടിയിട്ടില്ലെന്നും പന്ത് കൃത്യമായി ലെഗ് സ്റ്റമ്പിൽ പതിക്കുമെന്നും തെളിഞ്ഞു.
അമ്പയറുടെ തീരുമാനം തിരുത്തപ്പെട്ടതോടെ ഇന്ത്യൻ ക്യാമ്പിൽ വലിയ ആഘോഷങ്ങളാണ് ഉയർന്നത്. ഇതോടെ ഹർഭജൻ സിംഗിനും ഇർഫാൻ പത്താനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ ചരിത്രത്തിൽ ഇടംനേടി. മത്സര ശേഷം ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഈ ചരിത്ര നേട്ടം ക്യാപ്റ്റന്റെ കൃത്യമായ ആ റിവ്യൂ തീരുമാനത്തിന് കടപ്പെട്ടിരിക്കുന്നുവെന്ന് ബുംറ തുറന്നു പറയുകയും വിരാട് കോഹ്‌ലിക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തിരുന്നു.












