തമിഴ് ചലച്ചിത്ര രംഗത്ത് നടനായും സംവിധായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങിയ ബോസ് വെങ്കട് മലയാള സിനിമയിലെ തന്റെ കയ്പേറിയ ഒരനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. നടൻ പൃഥ്വിരാജുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും ഒരു കലാകാരനോടും ഇത്തരത്തിൽ പെരുമാറരുതെന്നും താൻ അദ്ദേഹത്തോട് പറഞ്ഞെന്നും വെങ്കട് പറഞ്ഞു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോൾ ആദ്യ ദിവസം മേക്കപ്പ് ചെയ്ത് ഒരു സീൻ ഷൂട്ട് ചെയ്ത ശേഷമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
നടന്റെ വാക്കുകൾ ഇങ്ങനെ :
പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നു ഞാൻ. ആദ്യത്തെ ദിവസത്തെ ഷൂട്ടും കഴിഞ്ഞതാണ്. എന്നാൽ പൃഥ്വിരാജ് പിന്നീട് മറ്റൊരു നടനെ കൂട്ടിക്കൊണ്ടുവന്ന് ഞാൻ ചെയ്തുകൊണ്ടിരുന്ന കഥാപാത്രത്തിന് അയാൾ പോരെ എന്ന് നിർമ്മാതാവിനോടും സംവിധായകനോടും ചോദിക്കുകയായിരുന്നു. അവർ അത് സമ്മതിച്ച കാര്യമൊന്നും ഞാൻ അറിഞ്ഞില്ല. അന്ന് രാത്രി ഒരു അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റും കുറച്ചു പണവും തന്ന് സെറ്റിൽ നിന്ന് എന്നെ മടക്കി അയച്ചു. വല്ലാതെ വിഷമിപ്പിച്ച ആ സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ മറ്റൊരു റോളിലേക്ക് എന്നെ വിളിച്ചു. എന്തായാലും ഞാൻ അപ്പോൾ ചോദിഹ വലിയ പ്രതിഫലം തരാൻ അവർ നിർബന്ധിതരായി.”
സെറ്റിലെത്തിയപ്പോൾ പൃഥ്വിരാജിനോട് താൻ ആരാണെന്ന് തമിഴ്നാട്ടിൽ അന്വേഷിക്കാൻ നേരിട്ട് ആവശ്യപ്പെട്ടതായി ബോസ് വെങ്കട് വ്യക്തമാക്കി. താൻ ജോലിയും കൂലിയുമില്ലാതെ നടക്കുന്നയാളല്ലെന്നും തന്നെ അഭിനയിപ്പിക്കാൻ താല്പര്യമില്ലെങ്കിൽ വേറെ ആളുകളെ വിളിക്കാമെന്നും എന്നാൽ ഒരു നടനോടും ഇത്തരത്തിൽ മോശമായി പെരുമാറരുതെന്നും പൃഥ്വിരാജിനോടും ആ ചിത്രത്തിന്റെ സംവിധായകനോടും മുഖത്തുനോക്കി പറഞ്ഞതായും താരം ഓർത്തെടുത്തു. ജോഷി സംവിധാനം ചെയ്ത ‘ലയൺ’ എന്ന ചിത്രത്തിലൂടെയാണ് ബോസ് വെങ്കട് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പന്തയക്കോഴി, കബഡി കബഡി, അണ്ണൻ തമ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വില്ലനായും സഹനടനായും അഭിനയിച്ചു. സംവിധായകൻ ജോഷിയുമായി അടുത്ത ബന്ധമാണുള്ളതെന്നും ‘അണ്ണൻ തമ്പി’ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി തന്നെ എവിടെ വെച്ച് കണ്ടാലും ‘ബോസേ’ എന്ന് സ്നേഹത്തോടെയാണ് വിളിക്കാറുള്ളതെന്നും ആ നല്ല ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.കെ അനുകൂലിയായ ബോസ് വെങ്കട് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.








