ലൈംഗിക കുറ്റകൃത്യ കേസുകളിൽ പ്രതിയായി ജയിലിൽ വെച്ച് ജീവനൊടുക്കിയ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സ്വത്തുക്കളും ആഡംബര സാമ്രാജ്യവും കൈമാറുന്നത് ബെലാറസ് വംശജയായ ദന്തഡോക്ടർ കരീന ഷുലിയാക്കിന്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം വരുന്ന പുതിയ രേഖകളാണ് എപ്സ്റ്റീനും കരീനയും തമ്മിലുള്ള നിഗൂഢവും അത്യധികം അടുപ്പമുള്ളതുമായ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നത്. 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിൽമുറിയിൽ വെച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ് എപ്സ്റ്റീൻ തയ്യാറാക്കിയ അവസാന വിൽപത്രത്തിലാണ് ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 830 കോടിയലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വത്തുക്കളുടെ പ്രധാന അവകാശിയായി കരീന ഷുലിയാക്കിനെ നാമനിർദേശം ചെയ്തിരിക്കുന്നത്.
എപ്സ്റ്റീന്റെ കാമുകിയും വിശ്വസ്തയും മാനേജരുമായിരുന്ന കരീനയുടെ പേരിലേക്ക് ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ആഡംബര ബംഗ്ലാവ്, പാരിസിലെ അപാർട്ട്മെന്റ്, ന്യൂമെക്സിക്കോയിലെ കൂറ്റൻ ഫാം ഹൗസ്, യുഎസ് വിർജിൻ ഐലൻഡിലെ സ്വകാര്യ ദ്വീപ് എന്നിവയും അതിനുപുറമേ വിവാഹ അഭ്യർഥനക്കായി 12 ലക്ഷം ഡോളർ നൽകി വാങ്ങിയ 32 കാരറ്റ് വജ്രമോതിരവും മാറ്റിയെഴുതിയിട്ടുണ്ടെന്ന് വിൽപത്രത്തിൽ വ്യക്തമാക്കുന്നു. എപ്സ്റ്റീൻ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ജയിലിൽ നിന്ന് വിളിച്ച അവസാന ഫോൺ സന്ദേശവും കരീനയ്ക്കായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
2011-ൽ 21-ാം വയസ്സിൽ വിദ്യാർഥ വിസയിലാണ് ബെലാറസിൽ നിന്ന് കരീന ന്യൂയോർക്കിലെത്തുന്നത്. തുടർന്ന് അന്നത്തെ 58-കാരനായ എപ്സ്റ്റീനുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയുമായിരുന്നു. കരീനയുടെ വിദ്യാഭ്യാസം, വിസ, സാമ്പത്തിക ഭദ്രത, കരിയർ എന്നിവയെല്ലാം എപ്സ്റ്റീന്റെ കൈപ്പിടിയിലായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ദന്തവിദ്യാഭ്യാസത്തിന് പ്രവേശനം നേടാൻ വൻ തുക സംഭാവന നൽകിയും സ്വാധീനം ഉപയോഗിച്ചും എപ്സ്റ്റീൻ വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്തു. വിസ കാലാവധി തീർന്നപ്പോൾ നാടുകടത്തപ്പെടാതിരിക്കാൻ തന്റെ സഹായിയായ ഒരു അമേരിക്കൻ യുവതിയുമായി കരീനയുടെ വ്യാജ സമലിംഗ വിവാഹം വരെ എപ്സ്റ്റീൻ സൂത്രധാരത്വം വഹിച്ച് നടത്തിക്കൊടുത്തു. പിന്നീട് 2018-ൽ അമേരിക്കൻ പൗരത്വം ലഭിച്ച ശേഷമാണ് കരീന ഈ ബന്ധം വേർപെടുത്തിയത്.
എപ്സ്റ്റീന്റെ അധോലോക സാമ്രാജ്യത്തിലും സാമ്പത്തിക ഇടപാടുകളിലും പ്രധാന കണ്ണിയായി പ്രവർത്തിച്ച കരീനയെ എന്നാൽ ലൈംഗിക ചൂഷണ കേസുകളിലോ കുറ്റകൃത്യങ്ങളിലോ പ്രതിയാക്കുകയോ ഇരയായി കണക്കാക്കുകയോ ചെയ്തിട്ടില്ല. എപ്സ്റ്റീന്റെ വൻതോതിലുള്ള സ്വത്തുക്കൾ ഇരകൾക്കുള്ള നഷ്ടപരിഹാരമായും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കായും മാറ്റിവെച്ചിരിക്കുന്നതിനാൽ ഈ ശതകോടികളുടെ അവകാശം കരീനയ്ക്ക് പൂർണ്ണമായി ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും നിയമപരമായ തർക്കങ്ങളും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്.












