ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പോർട്ട് ഡി ക്ലിഷി മേഖലയെ വിറപ്പിച്ച് വീണ്ടും ക്രൂരമായ കത്തിക്കുത്ത് അക്രമം. രണ്ടു വലിയ വെട്ടുകത്തികളുമായി തെരുവിലിറങ്ങിയ 31-കാരൻ ഗർഭിണിയായ യുവതിയടക്കം മൂന്ന് സ്ത്രീകളെ ദാക്ഷിണ്യമില്ലാതെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച പകൽ വെളിച്ചത്തിൽ കോടതി സമുച്ചയത്തിന് സമീപം നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന 19, 24, 36 വയസ്സുള്ള സ്ത്രീകൾക്ക് നേരെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
പാരീസ് തെരുവിൽ ഭീതി പടർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. ‘ദൈവത്തിന്റെ കല്പന പ്രകാരമാണ് താൻ ഇത് ചെയ്തത്’ എന്ന് അട്ടഹസിച്ചുകൊണ്ടാണ് നീളമുള്ള മുടിയും ക്രീം കളർ ട്രാക്ക് സ്യൂട്ടും ധരിച്ചയാൾ കൈയിലുള്ള രണ്ട് കത്തികൾ വീശി ഭീതി പരത്തിയത്. അതിനിടെ, നടന്നുപോകുന്ന വഴിയാത്രക്കാരിയായ യുവതിക്ക് നേരെ അക്രമി ഓടിച്ചെല്ലുന്നതും കുത്താൻ ശ്രമിക്കുന്നതും പ്രദേശവാസിയായ യുവാവ് ഫോണിൽ പകർത്തി. അക്രമി നിയന്ത്രണം വിട്ട് ആളുകളെ ആക്രമിക്കുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളും ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ധീരമായി ഇടപെടുകയായിരുന്നു.
ഒരു യാത്രക്കാരൻ തന്റെ സ്യൂട്ട്കേസ് അക്രമിയുടെ ശരീരത്തിലേക്ക് എറിഞ്ഞു വീഴ്ത്തുകയും പിന്നാലെ ജനങ്ങൾ ചേർന്ന് കാലിൽ തട്ടി താഴെയിട്ട് ഇയാളെ കീഴടക്കുകയുമായിരുന്നു. നിലത്തു വീണ പ്രതിയെ പോലീസ് സംഘമെത്തി അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ സമയോചിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ജനങ്ങളെയും പോലീസ് ഉദ്യോഗസ്ഥനെയും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നൂനെസ് അഭിനന്ദിച്ചു. മാനസികനില തെറ്റിയ രീതിയിലാണ് പ്രതി സംസാരിച്ചതെന്നും ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ-ഭീകരവാദ ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.












