റെയിൽവേ കൗണ്ടറുകൾ വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ വൻ തിരക്കും ക്രമക്കേടുകളും ഒഴിവാക്കാൻ ഓഗസ്റ്റ് 1 മുതൽ പുതിയ ‘ടോക്കൺ അധിഷ്ഠിത സംവിധാനം’ (Token-based System) നടപ്പിലാക്കുകയാണ്. പശ്ചിമ സെൻട്രൽ റെയിൽവേ (WCR) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായി മറ്റ് റെയിൽവേ സോണുകളിലേക്കും വ്യാപിപ്പിക്കും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മണിക്കൂറുകളോളം കൗണ്ടറുകൾക്ക് മുന്നിൽ വരിനിൽക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. നിശ്ചിത സമയത്തിനുള്ളിൽ എത്തി കൗണ്ടറിൽ നിന്ന് ടോക്കൺ കൈപ്പറ്റുകയാണ് ആദ്യപടി. തുടർന്ന് ടോക്കണിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയം അനുസരിച്ച് കൗണ്ടറിലെത്തി യാത്രക്കാർക്ക് ടിക്കറ്റ് തുക നൽകി ബുക്കിംഗ് പൂർത്തിയാക്കാം. ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയ അംഗീകൃത തിരിച്ചറിയൽ രേഖയും യാത്രക്കാരുടെ വിവരങ്ങളും നിർബന്ധമായും കരുതണം.
തത്കാൽ ബുക്കിംഗ് സമയങ്ങൾക്ക് അനുസരിച്ചായിരിക്കും ടോക്കണുകൾ വിതരണം ചെയ്യുന്നത്. എസി (AC) ക്ലാസുകളിലേക്കുള്ള ടോക്കണുകൾ രാവിലെ 8:30 മുതൽ 9:00 വരെയുള്ള സമയത്തിനുള്ളിൽ വിതരണം ചെയ്യും. നോൺ-എസി (Non-AC) ടിക്കറ്റുകൾക്കുള്ള ടോക്കണുകൾ രാവിലെ 9:00 മുതൽ 9:30 വരെയും ലഭ്യമാകും. ആദ്യഘട്ടത്തിൽ ഒരു കൗണ്ടറിൽ നിന്ന് എസി തത്കാലിന് 10 ടോക്കണുകളും നോൺ-എസിക്ക് 15 ടോക്കണുകളുമായിരിക്കും നൽകുക. ഒരാൾക്ക് ലഭിക്കുന്ന ടോക്കൺ മറ്റൊരാൾക്ക് കൈമാറാൻ സാധിക്കില്ല. ടോക്കൺ എടുത്ത മുഴുവൻ ആളുകളുടെയും ബുക്കിംഗ് പൂർത്തിയായ ശേഷവും സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ മാത്രം സാധാരണ രീതിയിൽ എത്തുന്നവർക്ക് ടിക്കറ്റ് നൽകും.








