സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിതീവ്രമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
റെഡ് അലർട്ടിന് പുറമേ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലർട്ട് ഉള്ളത്. നാളെയും മഴ ശമിക്കില്ലെന്നാണ് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 8 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത വേണം. മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിലും അണക്കെട്ടിന് താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും അധികൃതർ അറിയിച്ചു.












