മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ എം.എ. കൃഷ്ണൻ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിൽ ‘എം.എ സാർ’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം, സംസ്ഥാനത്തെ കുട്ടികൾക്കിടയിൽ ശ്രീകൃഷ്ണനെ ഒരു മാതൃകയായും കളിത്തോഴനായും അവതരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. ദീർഘകാലമായി ആർഎസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കരയിലെ മാധവനിവാസിലായിരുന്നു അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നത്.
ബാലികാബാലന്മാർക്കായി അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികൾ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. അമൃതഭാരതി, ബാലസംസ്കാരകേന്ദ്രം, ബാലസാഹിതീ പ്രകാശൻ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ‘സൗരക്ഷിക’ എന്നീ മുന്നേറ്റങ്ങൾക്കെല്ലാം തുടക്കം കുറിച്ചതും വഴികാട്ടിയായതും അദ്ദേഹമാണ്. ആർഎസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാർ പ്രമുഖ് എന്നീ സുപ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം സാംസ്കാരിക, സാമൂഹിക, മാധ്യമ രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1964-ൽ ആർഎസ്എസ് മുഖപത്രമായ കേസരിയുടെ പത്രാധിപരായി ചുമതലയേറ്റ അദ്ദേഹം ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായി. മലബാറിൽ ടിപ്പു സുൽത്താന്റെ കടന്നാക്രമണത്തിൽ തകർന്ന ക്ഷേത്രങ്ങളെക്കുറിച്ചും മതംമാറ്റ ശ്രമങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പരമ്പരകൾ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ, ഭാരതപ്പുഴയുടെ അതിജീവനത്തിനായി പതിറ്റാണ്ടുകൾക്ക് മുൻപേ ‘നിളയുടെ ഇതിഹാസം’ എന്ന കേസരിയുടെ വിശേഷാൽപതിപ്പിലൂടെ ശബ്ദമുയർത്തിയതും അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിന് ഉദാഹരണമാണ്.
1929 ജനുവരി 17-ന് കൊല്ലം ജില്ലയിലെ ഐവർകാലയിൽ കരിമ്പിൻപുഴ മറവുത്തോട്ടത്തിൽ ലക്ഷ്മിയമ്മയുടെയും ഐവർകാല മംഗലത്തു പത്മനാഭന്റെയും മകനായാണ് എം.എ. കൃഷ്ണൻ ജനിച്ചത്. കുഴിക്കലിടവക ജി.വി.എസ്.എച്ച്.എസ്സിൽ നിന്ന് ശാസ്ത്രി പരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്കൃത കോളേജിൽനിന്ന് തർക്കശാസ്ത്രത്തിൽ മഹോപാദ്ധ്യായ ബിരുദവും നേടി. തുടർന്ന് കോട്ടയം വാഴൂർ ഹൈസ്കൂളിൽ ഒരു വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. എന്നാൽ, ദേശീയ പ്രസ്ഥാനത്തിലുള്ള താല്പര്യം കാരണം അധ്യാപകവൃത്തി രാജിവെച്ച് 1954-ൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി മാറുകയായിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ അദ്ദേഹം പ്രചാരകനായി പ്രവർത്തിച്ചു.
സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008-ൽ കൊൽക്കത്തയിലെ ബഡാബസാർ ലൈബ്രറി ഏർപ്പെടുത്തിയ വിവേകാനന്ദ സേവാസമ്മാൻ, വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാൻ തുടങ്ങി ഒട്ടേറെ ആദരവുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ ജീവിതം മുഴുവൻ സംഘടനാ പ്രവർത്തനത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി മാറ്റിവെച്ച എം.എ സാറിന്റെ വിയോഗം കേരളത്തിലെ സാംസ്കാരിക, സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.












