സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ തീവ്രമാകുന്നു. വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാഹചര്യം കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. നാളെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതാണ് മഴ കനക്കാൻ കാരണം.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ ഭീഷണിയുള്ളതിനാൽ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാനും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.












