ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കടൽ യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. രാഹുൽ ഗാന്ധി ഒരു യുവതിക്കും കുട്ടിക്കുമൊപ്പം ബോട്ടിൽ കടലിലൂടെ യാത്ര ചെയ്യുന്ന ചിത്രമാണ് കേന്ദ്രമന്ത്രി തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. സംഭവം നിമിഷങ്ങൾക്കകം രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായി മാറിയിട്ടുണ്ട്.
“രാഹുൽ ജി… ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് കടുത്ത ആകാംക്ഷയുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് ഗിരിരാജ് സിങ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ തൊപ്പിയും സൺഗ്ലാസും ധരിച്ചാണ് രാഹുൽ ഗാന്ധി ഇരിക്കുന്നത്. അദ്ദേഹത്തിന് തൊട്ടടുത്ത് തന്നെ കുട്ടിയും ഒരു യുവതിയും ഇരിക്കുന്നുണ്ട്. ഇവർക്ക് അഭിമുഖമായി മറ്റൊരു വ്യക്തിയും ബോട്ടിൽ ഇരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.
നേരത്തെയും രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെയും സ്വകാര്യ സന്ദർശനങ്ങളെയും ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രാഹുലിൻ്റെ സ്വകാര്യ ചിത്രമെന്ന രീതിയിൽ കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചോ എന്ന് എടുത്തതാണെന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗിരിരാജ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.











