ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വെടിവെയ്പ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ച കാര്യങ്ങൾ തികച്ചും വ്യാജമാണെന്നും, രാജ്യത്തെ ജനങ്ങളെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നദ്ദ ആരോപിച്ചു. സഭയിൽ ചർച്ച നടക്കാതിരിക്കാൻ രാഹുൽ ഗാന്ധി ദിവസേന നിലപാടുകളും ആവശ്യങ്ങളും മാറ്റിപ്പറയുകയാണെന്നും സഭ സമാധാനപരമായി പ്രവർത്തിക്കുന്നത് തടയുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ പൂർണ്ണ സജ്ജനാണെന്ന് നദ്ദ വ്യക്താമാക്കി. ജന്തർ മന്തർ വിഷയം ഉൾപ്പെടെ സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം സഭാ നടപടികളിൽ പങ്കാളികളാകാതെ ഒളിച്ചോടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, വോട്ടർ പട്ടിക പരിഷ്കരണം, വിലക്കയറ്റം എന്നിവയിൽ ചർച്ച ഉന്നയിക്കുകയും എന്നാൽ സഭയിൽ ചർച്ചയ്ക്ക് അവസരം ഒരുക്കുമ്പോൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ച് സഭ സ്തംഭിപ്പിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെയും ജെ.പി. നദ്ദ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കോൺഗ്രസ് സഖ്യകക്ഷി ഭരിക്കുന്ന ഝാർഖണ്ഡിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ മുള്ളുവേലികളും അതിക്രമങ്ങളും അഴിച്ചുവിട്ടപ്പോൾ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷമായി പ്രവർത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നതെന്നും, സഭയിൽ വന്ന് ധൈര്യസമേതം ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും നദ്ദ കൂട്ടിച്ചേർത്തു.









