വാഷിംഗ്ടൺ : ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി, സഹോദരീപുത്രൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരെയുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണങ്ങളും ഉൾപ്പെട്ട ക്രിമിനൽ കേസ് അമേരിക്കൻ ഫെഡറൽ കോടതി പൂർണ്ണമായി തള്ളി. ബ്രൂക്ലിനിലെ ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗരാഫീസാണ് കേസ് തള്ളിക്കൊണ്ടുള്ള നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ ഹർജി കോടതി അംഗീകരിച്ചതോടെ അദാനി ഗ്രൂപ്പിന് മേൽ വർഷങ്ങളായി നിലനിന്നിരുന്ന വലിയൊരു നിയമപോരാട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്. വിധി സ്വാഗതം ചെയ്ത ഗൗതം അദാനി, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലുള്ള പൂർണ്ണമായ വിശ്വാസവും ആദരവും എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
ഇന്ത്യയിൽ സോളാർ ഊർജ്ജ കരാറുകൾ സ്വന്തമാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും, ഇതിൽ യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ച് 2024 നവംബറിലാണ് ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാന നാളുകളിൽ അദാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ ഡി.ഓ.ജെ വിഷയം പുനഃപരിശോധിക്കുകയും, കുറ്റാരോപണങ്ങൾ വിദേശ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും യു.എസ് മുൻഗണനകൾക്ക് ചേർന്നതല്ലെന്നും ചൂണ്ടിക്കാട്ടി കേസ് ഒഴിവാക്കാൻ കോടതിയെ സമീപിക്കുകയുമായിരുന്നു. അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന അദാനിയുടെ വാഗ്ദാനമാണോ കേസ് ഒഴിവാക്കാൻ കാരണമെന്ന് കോടതി ആരാഞ്ഞെങ്കിലും, ഈ കരാർ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയതോടെയാണ് കോടതി ഹർജി അംഗീകരിച്ചത്.
കോടതിവിധിയെ വിനയത്തോടും ആദരവോടെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച ഗൗതം അദാനി, നീതിപീഠത്തിലും സത്യത്തിലും ഉള്ള വിശ്വാസം ഒരിക്കലും തകർന്നിരുന്നില്ലെന്ന് വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളോടൊപ്പം നിന്നവർക്ക് നന്ദി അറിയിച്ച അദ്ദേഹം, രാജ്യനിർമ്മാണത്തിനും മൂല്യവർദ്ധനവിനുമായി പ്രവർത്തനം തുടരുമെന്ന് ഉറപ്പുനൽകി. ക്രിമിനൽ കേസ് പൂർണ്ണമായി ഒഴിവാക്കപ്പെട്ടെങ്കിലും, എസ്.ഇ.സിയുമായുള്ള സിവിൽ കേസിൽ കരാറിലെത്തിയ അദാനി ഗ്രൂപ്പ് തുക പിഴയായി ഒടുക്കാൻ സമ്മതിച്ചിട്ടുണ്ട്. ഈ വിധിയോടെ അന്താരാഷ്ട്ര വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിലും വിപുലീകരണ പദ്ധതികളിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.









