80-ാം സ്വാതന്ത്ര്യദിനത്തിന്റെ പവിത്രമായ വേളയിലും ദേശഭക്തിയുടെ അമരഗാനമായ ‘വന്ദേമാതര’ത്തോടുള്ള സംസ്ഥാന സർക്കാരിന്റെ വിമുഖത ചർച്ചയാകുന്നു. തലസ്ഥാനത്ത് നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വീര്യം പകർന്ന ‘വന്ദേമാതരം’ ആലാപനം സംസ്ഥാന സർക്കാർ പൂർണ്ണമായും ഒഴിവാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത പ്രധാന ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയത്.
എന്നാൽ, സർക്കാരിന്റെ ഈ നിലപാടിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ അത്യാവേശത്തോടെയാണ് വന്ദേമാതരം ആലപിക്കപ്പെട്ടത്. നഗരസഭാങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയതിന് പിന്നാലെ വന്ദേമാതരം വാനോളമുയർന്നു. ഭാരതാമ്പയുടെ വീരപുത്രന്മാരെയും സ്വാതന്ത്ര്യസമര സേനാനികളെയും സ്മരിച്ചുകൊണ്ട് മേയർ വി. വി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ കുതിച്ചുചാട്ടവും പുതിയ മുന്നേറ്റവും ആരംഭിച്ചിരിക്കുകയാണെന്നും തലസ്ഥാന നഗരസഭ ജനങ്ങൾക്ക് വൻ പ്രതീക്ഷകൾ നൽകി വികസന പാതയിൽ മുന്നോട്ട് പോവുകയാണെന്നും മേയർ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരത്തെ ചൊല്ലി എൽഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കടുത്ത ചേരിതിരിവുണ്ടായി. നഗരസഭാ വളപ്പിൽ മേയറുടെ നേതൃത്വത്തിൽ പതാക ഉയർത്തിയ ശേഷം എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ച അതേസമയത്തു തന്നെ മറുവശത്ത് ബിജെപി കൗൺസിലർമാർ ഉറച്ച ശബ്ദത്തിൽ വന്ദേമാതരം ചൊല്ലി ദേശഭക്തി വിളംബരം ചെയ്തു. ചടങ്ങിൽ വന്ദേമാതരം ആലപിക്കുമെന്ന കാര്യം മുൻകൂട്ടി തന്നെ മേയറെ ഔദ്യോഗികമായി അറിയിച്ചിരുന്നതായി ബിജെപി കൗൺസിലർമാർ വ്യക്തമാക്കി. എന്നാൽ അത്തരമൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ അവകാശപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ആവേശമായ ഒരു ദേശീയ ഗീതത്തോട് ഇടതുപക്ഷവും കോൺഗ്രസും കാണിക്കുന്ന ഈ വിമുഖതയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്.







