തമിഴ്നാട്ടിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച ചടങ്ങിൽ തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ് വ്യത്യസ്ത വേഷത്തിൽ എത്തിയത് ശ്രദ്ധ നേടി. സർക്കാർ ബസിനുള്ളിൽ കയറി യാത്രക്കാരായ പെൺകുട്ടികൾക്ക് സ്വയം ടിക്കറ്റുകൾ വിതരണം ചെയ്ത വിജയ് കുറച്ചു സമയം ബസ് കണ്ടക്ടറുടെ റോൾ കൈകാര്യം ചെയ്തു. യാത്രക്കാരുമായി വിശേഷങ്ങൾ പങ്കുവെക്കുകയും അവരുടെ പഠന കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്ത വിജയ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അടുത്തു കണ്ടതിന്റെ ആവേശത്തിലായ വിദ്യാർത്ഥിനികൾക്കൊപ്പം ഫോട്ടോകളും എടുത്തു.
നിലവിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാത്രം ലഭ്യമായിരുന്ന സൗജന്യ ബസ് യാത്രയാണ് ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് കൂടി പൂർണ്ണമായി ലഭ്യമാക്കി വിപുലീകരിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹനവും സാമ്പത്തിക സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് സർക്കാർ ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ റൂട്ടുകളിലും പുതിയ സൗജന്യ യാത്രാ കാർഡുകൾ ഉപയോഗിച്ച് പെൺകുട്ടികൾക്ക് ഇനി മുതൽ യാതൊരു ചിലവുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പുതിയ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥിനികൾക്ക് ദിവസേനയുള്ള യാത്രാച്ചെലവിൽ വലിയ ആശ്വാസം ലഭിക്കുമെന്ന് വിജയ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിയുടെ ഈ വേറിട്ട ബസ് യാത്രയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്.









