കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ശാന്തിനഗർ എം.എൽ.എ എൽ.എ. ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് രണ്ടാമതും വിവാഹിതനായി. കൊടുഗ് ജില്ലയിലെ മടികേരിക്ക് സമീപമുള്ള മേക്കേരി ഗ്രാമത്തിലെ കൂർഗ് വൈൽഡർനസ് റിസോർട്ടിൽ വച്ചായിരുന്നു പ്രമുഖ നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവ്വമായ നിക്കാഹ് ചടങ്ങുകൾ നടന്നത്. കൊടുഗ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മടികേരി അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി മുൻ ചെയർമാനുമായ എസ്.ഐ. മുനീർ അഹമ്മദിന്റെ മകൾ മലീഹ ഫാത്തിമയാണ് വധു. നിയമ ബിരുദധാരിയായ മലീഹ നിലവിൽ യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ ജീവനക്കാരിയാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. 2017-ൽ വിവാഹം കഴിച്ച സംരീൻ ആണ് മുഹമ്മദ് ഹാരിസിന്‍റെ ആദ്യ ഭാര്യ. ഓഗസ്റ്റ് 15 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന അഞ്ച് ദിവസത്തെ ആഘോഷ പരിപാടികളാണ് റിസോർട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് നടന്ന നിക്കാഹ് ചടങ്ങിന് ശേഷം ഓഗസ്റ്റ് 17-ന് വിശിഷ്ടാതിഥികൾക്കായി ഗംഭീര വിവാഹ സൽക്കാരവും ഒരുക്കിയിരുന്നു.
ഉന്നത സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി റിസോർട്ടിലെ 104 മുറികളും പൂർണ്ണമായും ബുക്ക് ചെയ്തിരുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം കർശനമായി വിലക്കിയിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കന്നഡ സൂപ്പർ താരങ്ങളായ കിച്ച സുദീപ്, യാഷ് എന്നിവരടക്കം രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. കൂടാതെ എം.എൽ.എ ഡോ. മന്തർ ഗൗഡ, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി എ.എസ്. പൊന്നണ്ണ തുടങ്ങിയ പ്രമുഖ നേതാക്കളും ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.









