ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ് എംപി ഇമ്രാൻ മസൂദും സമാജ്‌വാദി പാർട്ടി എംഎൽഎ അഷു മാലിക്കും തമ്മിൽ പൊതുയോഗത്തിനിടെ രൂക്ഷമായ തർക്കം. ജില്ലാ വികസന ഏകോപന സമിതി യോഗത്തിന്റെ അധ്യക്ഷനായ ഇമ്രാൻ മസൂദ്, ചട്ടങ്ങൾ പാലിച്ച് അധ്യക്ഷന്റെ അനുമതിയോടെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. തന്റെ ചോദ്യത്തിനിടെ മറ്റുള്ളവർ സംസാരിക്കുന്നത് എന്തിനാണെന്നും യോഗം നിയമപ്രകാരമല്ല നടക്കുന്നതെന്നും എംഎൽഎ തിരിച്ചടിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവം ക്യാമറകളിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
എന്നാൽ സംഭവം വലിയ വിവാദമാക്കേണ്ടതില്ലെന്നും യോഗങ്ങളിൽ ജനപ്രതിനിധികൾക്കിടയിൽ ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. എല്ലാവരും ജനപ്രതിനിധികളാണെന്നും അവർക്ക് സ്വന്തം വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം നൽകുക മാത്രമാണ് ചെയ്തതെന്നും എംപി വിശദീകരിച്ചു. ജനപ്രതിനിധികൾ തങ്ങളുടെ അഭിപ്രായം തുറന്നുപറയുന്നത് സാധാരണ നടപടി മാത്രമാണെന്നും ഇതിനെ ഊതിപ്പെരുപ്പിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നും എസ്പി എംഎൽഎയും പ്രതികരിച്ചു.
അതേസമയം, ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിലുള്ള തർക്കത്തെ ആയുധമാക്കി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പാർട്ടികൾ തമ്മിലടിക്കുകയാണെന്നും പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ സഖ്യത്തെ ഉത്തർപ്രദേശിലെ ജനങ്ങൾ ഒരിക്കലും വിശ്വസിക്കില്ലെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകൾക്കായി കോൺഗ്രസ് ശ്രമം നടത്തുന്നതിനിടയിലാണ് സഖ്യകക്ഷികൾ തമ്മിലുള്ള ഈ പരസ്യ തർക്കം ചർച്ചയായിരിക്കുന്നത്.










