ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകൾ പാകിസ്താൻ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെ കടുത്ത തിരിച്ചടിയുമായി ഇന്ത്യ ന്യൂഡൽഹിയിലെ നയതന്ത്ര മേഖലയായ ശാന്തിപഥിൽ സ്ഥിരമായി സ്ഥാപിച്ചിരുന്ന പാകിസ്താൻ ഹൈക്കമ്മീഷന്റെ പുറത്തെ ബാരിക്കേഡുകളും സുരക്ഷാ സംവിധാനങ്ങളും ഇന്ത്യൻ അധികൃതർ നീക്കം ചെയ്തു. ഹെവി മെഷിനറികളും മുൻസിപ്പൽ ജീവനക്കാരെയും ഉപയോഗിച്ചാണ് ട്രാഫിക് ബൊളാർഡുകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, ക്യൂ ബാരിയറുകൾ, താൽക്കാലിക വേലികൾ എന്നിവ അടിയന്തരമായി നീക്കം ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ നിർത്തിയിട്ടിരുന്ന സുരക്ഷാ പോളുകളും ബാരിക്കേഡുകളും പാക് അധികൃതർ നീക്കം ചെയ്തിരുന്നു ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ശക്തമായ പ്രതിഷേധവും നയതന്ത്ര പരാതിയും അവഗണിച്ചായിരുന്നു പാകിസ്താന്റെ ഈ നീക്കം. ഇതിന് നയതന്ത്രപരമായ തുല്യ പ്രതികരണമെന്നോണമാണ് (Diplomatic Reciprocity) ഡൽഹിയിലും നടപടി സ്വീകരിച്ചിരിക്കുന്നത് .നിർദ്ദിഷ്ട അതിർത്തിക്ക് പുറത്തുള്ള അനധികൃത കയ്യേറ്റങ്ങൾ മാത്രമാണ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ 2013-ൽ ദേവയാനി ഖോബ്രഗഡെ വിഷയത്തിൽ യുഎസ് എംബസിക്ക് മുന്നിലെ കോൺക്രീറ്റ് ബാരിക്കേഡുകളും, 2023-ൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകളും ഇന്ത്യ നീക്കം ചെയ്തിരുന്നു. പുറത്തെ ബാരിക്കേഡുകൾ മാറ്റിയെങ്കിലും പാക് ഹൈക്കമ്മീഷന്റെയും ജീവനക്കാരുടെയും ആഭ്യന്തര സുരക്ഷയും പോലീസ് കാവലും ശക്തമായി തുടരും. സംഭവത്തിൽ ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതികരണങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.








