ജമ്മു: കാശ്മീർ താഴ്‌വരയിൽ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത കേസിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കറെ തൊയ്ബ ഉന്നത കമാൻഡർക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച പാക് വംശജനായ മുഹമ്മദ് യാക്കൂബിനെതിരെ ജമ്മുവിലെ പ്രത്യേക എൻഐഎ (NIA) കോടതി ജാമ്യമില്ലാ വാറന്റ് (NBW) പുറപ്പെടുവിച്ചു.
ശ്രീനഗറിലെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (UAPA), ആയുധ നിയമം, സ്ഫോടകവസ്തു നിയമം തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തു അന്വേഷണം നടത്തുന്നത്. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതി അടുത്തിടെ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ പ്രധാന ജാമ്യമില്ലാ വാറന്റാണിത്. പഹൽഗാം ഭീകരാക്രമണ കേസിൽ പ്രമുഖ ലഷ്കറെ തൊയ്ബ തലവൻ ഹഫീസ് സഈദിനെതിരെയും കോടതി മുൻപ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും താഴ്‌വരയിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പാക് ഭീകരർക്കെതിരെ കടുത്ത രീതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടികൾ സ്വീകരിച്ചു വരുന്നത്. വിദേശത്തുള്ള ഈ കുപ്രസിദ്ധ കുറ്റവാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമുള്ള എൻഐഎയുടെ ഊർജിത നീക്കങ്ങൾ ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.








