ലഡാക്കിലെ മിനിമർഗ് ചെക്ക്‌പോസ്റ്റിൽ സുരക്ഷാ ജീവനക്കാരോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും വാഹനങ്ങൾ ബാരിക്കേഡ് മറികടന്ന് ഓടിച്ചുപോകാൻ പ്രേരിപ്പിക്കുകയും ചെയ്ത പെൺകുട്ടിയുടെ വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഞങ്ങൾ ജെൻ സി (Gen Z) ആണ്, ഈ അസംബന്ധമൊന്നും സഹിക്കില്ല” എന്ന് വിളിച്ച് പറഞ്ഞ് പോലീസിനോടും സേനയോടും തട്ടിക്കയറുന്ന പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഒമർ അബ്ദുള്ള പ്രതികരണവുമായി രംഗത്തെത്തിയത്.
‘എന്റെ അച്ഛൻ ആരാണെന്ന് നിനക്കറിയില്ല’ (Jaantay Nahin Ho Mera Baap Kaun Hai) എന്ന് പണ്ട് ആളുകൾ സ്വാധീനം കാണിക്കാൻ പറഞ്ഞിരുന്ന ഭീഷണിക്ക് പകരമായി ഇപ്പോൾ ‘ഞങ്ങൾ ജെൻ സീ ആണ്’ എന്ന പ്രയോഗം മാറിയിരിക്കുകയാണെന്ന് ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു. ചെറിയൊരു തടസ്സം ഉണ്ടാകുമ്പോൾ പോലും ‘ജെൻ സീ’ എന്ന വാക്ക് ഭീഷണിയായി ഉപയോഗിക്കുന്നത് ആ തലമുറയോടുള്ള ബഹുമാനവും പിന്തുണയും ഇല്ലാതാക്കാനേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിവിഐപി സുരക്ഷാ യാത്രയെ തുടർന്ന് ഗതാഗതം തടഞ്ഞതിനെ തുടർന്നാണ് മിനിമർഗ് പോലീസ് സ്റ്റേഷന് മുന്നിൽ വിനോദസഞ്ചാരികൾ അഞ്ചു മണിക്കൂറോളം കുടുങ്ങിയത്. ഇതിൽ രോഷാകുലയായ യുവതി, ബാരിക്കേഡുകൾ മറികടന്ന് വാഹനം മുന്നോട്ട് എടുക്കാൻ മറ്റ് വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്നതും പോലീസിനോട് കയർക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ അതിർത്തി ഗ്രാമങ്ങളിലെയും തന്ത്രപ്രധാന മേഖലകളിലെയും സുരക്ഷാ മുൻകരുതലുകളോട് സഹകരിക്കുന്നതിന് പകരം സേനയോട് ഇത്തരത്തിൽ പെരുമാറിയ പെൺകുട്ടിയുടെ നടപടിയെ സോഷ്യൽ മീഡിയയും രൂക്ഷമായി വിമർശിച്ചു.








