പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ (IAF) ഹിറ്റ് സ്ക്വാഡിൽ വനിതാ പൈലറ്റുമാരും പങ്കാളികളായിരുന്നുവെന്ന നിർണായക വിവരങ്ങൾ പുറത്ത്. അതിർത്തി കടന്നുള്ള ചരിത്രപ്രസിദ്ധമായ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ സുഖോയ്-30MKI, റഫാൽ യുദ്ധവിമാനങ്ങൾ പറത്തി പാക് അതിർത്തിക്കുള്ളിലെ പ്രമുഖ ഭീകരകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത് ഇന്ത്യൻ വ്യോമസേനയിലെ മിടുക്കികളായ വനിതാ യുദ്ധവിമാന പൈലറ്റുമാരാണെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ലാഹോറിന് സമീപമുള്ള മുരിദ്കെയിലെ ലഷ്കറെ തൊയ്ബ (LeT) ആസ്ഥാനവും ബാഹവൽപൂരിലെ ജെയ്ഷെ മുഹമ്മദ് (JeM) കേന്ദ്രവും ആക്രമിച്ച പോരാളി സംഘത്തിൽ വനിതാ ഫ്ലൈറ്റ് ലെഫ്റ്റനന്റും ഉണ്ടായിരുന്നു. ബ്രഹ്മോസ്, റാംപേജ് തുടങ്ങിയ അത്യാധുനിക എയർ-ടു-ഗ്രൗണ്ട് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള സുഖോയ്-30MKI വിമാനം പറത്തിയാണ് മുരിദ്കെയിലെ മാർക്കസ് തൈബയിൽ വനിതാ ഓഫീസർ കൃത്യമായ ആക്രമണം നടത്തിയത്. ദൗത്യങ്ങളിൽ ചിലർ പൈലറ്റായും മറ്റ് ചിലർ വെപ്പൺ സിസ്റ്റം ഓപ്പറേറ്റർമാരായും (WSO) മികവ് തെളിയിച്ചു.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഖ്യാപിച്ചത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകരകേന്ദ്രങ്ങളാണ് 87 മണിക്കൂറോളം നീണ്ടുനിന്ന വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തത്. യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി നൂറിലധികം ഭീകരരെ വധിച്ച ദൗത്യത്തിൽ ഇന്ത്യൻ വനിതാ ശക്തിയുടെ ഈ പങ്കാളിത്തം വലിയ ആവേശത്തോടെയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്.











