സർക്കാർ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ പ്രോട്ടോകോളിനെതിരെ നിലപാടെടുത്ത കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റേത് തീവ്രമായ പ്രീണന രാഷ്ട്രീയമാണെന്നും സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെയും വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചട്ടോപാധ്യായയെയും അപമാനിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) സംസാരിക്കുകയായിരുന്നു അദ്ദേഹം.
1937-ൽ മുസ്ലിം പ്രീണനത്തിന് വേണ്ടിയാണ് കോൺഗ്രസ് വന്ദേമാതരത്തെ രണ്ട് ഭാഗങ്ങളായി മുറിച്ചതെന്നും ഇത് ഇന്ത്യയുടെ വിഭജനത്തിന് തറക്കല്ലിടുകയും ദ്വിരാഷ്ട്ര വാദത്തിന് കരുത്തേകുകയും ചെയ്ത ചരിത്രപരമായ തെറ്റാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഈ തെറ്റ് തിരുത്താനാണ് വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിൽ നരേന്ദ്ര മോദി സർക്കാർ പൂർണ്ണരൂപത്തിൽ ഗാനം ആലപിക്കാൻ ഔദ്യോഗിക നിയമനിർമ്മാണത്തിലൂടെ തീരുമാനമെടുത്തത്. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വീണ്ടും ഈ പാർലമെന്റ് നിയമത്തെ തള്ളിപ്പറഞ്ഞ് പഴയ പ്രീണന നയം പിന്തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
വന്ദേമാതരം വിളിച്ചാണ് ആയിരക്കണക്കിന് പോരാളികൾ തൂക്കുമരത്തിലേറിയതും വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ചതുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അടുത്തിടെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗത്തിൽ പാർട്ടി ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു.












