ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‍ലിയെക്കാൾ എത്രയോ മുകളിലാണ് സച്ചിൻ ടെണ്ടുൽക്കറുടെ സ്ഥാനമെന്ന ഉറച്ച നിലപാടുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വിദേശ ടെസ്റ്റുകളിൽ സച്ചിനേക്കാൾ മുന്നിൽ കോലിയാണെന്ന മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് ഫോർമാറ്റിൽ ഇരുവരെയും താരതമ്യം ചെയ്യുകയാണെങ്കിൽ ഡിവില്ലിയേഴ്സിന് തെറ്റുപറ്റിയെന്ന് പറയേണ്ടി വരുമെന്നും, സച്ചിൻ അക്കാലത്ത് നേരിട്ട ബൗളർമാരുടെ നിലവാരവും വേഗതയും ഇപ്പോഴത്തെ ക്രിക്കറ്റിൽ കാണാനില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാർക്കെതിരെ സച്ചിൻ നേടിയ റൺസ് എടുത്തുനോക്കിയാൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ വ്യക്തമാകുമെന്നും, വിരാട് കോഹ്‌ലി പോലും സച്ചിനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചതായി സമ്മതിക്കുമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
അതേസമയം, ഏകദിന ക്രിക്കറ്റിന്റെ കാര്യത്തിൽ ഇരുവരെയും വെച്ച് ചർച്ചകൾ നടക്കാമെന്നും റൺ ചേസിന്റെ കാര്യത്തിൽ വിരാട് കോഹ്‌ലി സച്ചിനേക്കാൾ ബഹുദൂരം മുന്നിലാണെന്നും കൈഫ് സമ്മതിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസ് മാസ്റ്റർ കോഹ്‌ലി അൻവന്ന കാര്യത്തിൽ തർക്കമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റിലും ട്വന്റി20യിലും നിന്ന് വിരമിച്ച വിരാട് കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് സജീവമായി തുടരുന്നത്. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 5, 65, 74 എന്നിങ്ങനെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.












