അമേഠി: പ്രതിരോധ ഉത്പാദന രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഘടകങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യത്തെ ‘എകെ-203 ഷേർ’ (AK-203 Sher) അസാൾട്ട് റൈഫിൾ വിജയകരമായി പരീക്ഷിച്ചു. ഉത്തരപ്രദേശിലെ അമേഠിയിലുള്ള കോർവ ഓർഡനൻസ് ഫാക്ടറിയിലാണ് തോക്കിന്റെ നിർമ്മാണവും ട്രയൽ ഫയറിംഗും പൂർത്തിയാക്കിയത്. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ ഭാഗമായി ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് (IRRPL) ഈ തോക്ക് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈന്യം കാലങ്ങളായി ഉപയോഗിച്ചു വരുന്ന തദ്ദേശീയ നിർമ്മിത ഇൻസാസ് (INSAS) റൈഫിളുകൾക്ക് പകരമായാണ് എകെ-203 തോക്കുകൾ സേനയുടെ ഭാഗമാകുന്നത്. തോക്കിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ ചെറിയ ഭാഗങ്ങളും പൂർണ്ണമായും ഇന്ത്യൻ ഇൻഡസ്ട്രികളിൽ നിന്ന് ശേഖരിച്ചതാണെന്നും, ഇത് വെറുമൊരു ഘടകങ്ങളുടെ തദ്ദേശീയവൽക്കരണമല്ല മറിച്ച് 100 ശതമാനം ‘മെയ്ഡ് ഇൻ ഇന്ത്യ’ നേട്ടമാണെന്നും ഐആർആർപിഎൽ സിഇഒ മേജർ ജനറൽ എസ്.കെ. ശർമ്മ വ്യക്തമാക്കി.
ബസ്റ്റ് ഫയറിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ റൈഫിൾ, 2026 സെപ്റ്റംബറോടെ പൂർണ്ണ സൈനിക പരീക്ഷണങ്ങൾക്കായി (Army Trials) ഇന്ത്യൻ സൈന്യത്തിന് കൈമാറും. പ്രതിനിമിഷം ഉത്പാദന വേഗത കൂട്ടാൻ ഫാക്ടറി സജ്ജമായിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 100 സെക്കൻഡിൽ ഒരു എകെ-203 റൈഫിൾ എന്ന നിരക്കിൽ നിർമ്മാണം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. മിനിറ്റിൽ 700 റൗണ്ടുകൾ വരെ പോയിന്റ് ബ്ലാങ്കിൽ തൊടുക്കാൻ ശേഷിയുള്ള ഈ തോക്കിന് 800 മീറ്റർ വരെ കൃത്യമായ പ്രഹരപരിധിയുണ്ട്. സൈന്യത്തിനായി 6 ലക്ഷത്തോളം എകെ-203 റൈഫിളുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതി വിഭാവനം ചെയ്തതിനേക്കാൾ ഒരു വർഷം മുമ്പേ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.









