തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലെ പ്രതികൾ പങ്കെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസ് സേനയിലുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര വകുപ്പും പൊലീസും അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ വിവാദ പ്രതികൾക്ക് ഓണക്കോടി വാങ്ങി നൽകിയതെന്നും മുരളീധരൻ ആരോപിച്ചു. തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും, ആഭ്യന്തര വകുപ്പ് വിഷയം ഗൗരവത്തോടെ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രം ഉപയോഗിക്കുന്ന ആയുധം മാത്രമാണ് ഇഡി എന്നും ആ കാര്യത്തിൽ കോൺഗ്രസിന് എന്നും ഒരേ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുടെ കേസിൽ കോൺഗ്രസ് പ്രത്യേകിച്ച് ഇടപെടില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.












