കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയ ആലുവ, എം.ജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. പരിഷ്കരിച്ച നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് അഞ്ച് രൂപയായിരുന്നത് പത്ത് രൂപയായും, നാല് ചക്ര വാഹനങ്ങൾക്ക് 15 രൂപയായിരുന്നത് 20 രൂപയായുമാണ് ഉയർത്തിയത്.
മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യാതെ പാർക്കിങ് ഏരിയ മാത്രം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാൻ കടുത്ത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരക്കാർക്ക് ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാൻ പ്രതിമാസം 1,500 രൂപയും കാറുകൾക്ക് 4,500 രൂപയോളവും നൽകേണ്ടിവരും.
സ്റ്റേഷനുകളിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതും സ്ഥലപരിമിതി രൂക്ഷമായതുമാണ് ഫീസ് കൂട്ടാൻ നിർബന്ധിതമായതെന്നാണ് കെഎംആർഎൽ അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന നാല് സ്റ്റേഷനുകളിലാണ് നിരക്കുവർധന നടപ്പാക്കിയതെങ്കിലും, വരുംദിവസങ്ങളിൽ പാതയിലെ ബാക്കി പത്ത് സ്റ്റേഷനുകളിലേക്കും സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.








