ആഗോള പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയുടെ പുതിയ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന. യുദ്ധവിമാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ അനുബന്ധ ഘടകങ്ങളിൽ 97 ശതമാനവും സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിച്ച് സേന അഭിമാനകരമായ മുന്നേറ്റം കൈവരിച്ചു. ടയറുകൾ, ഫൈറ്റർ ജെറ്റുകളുടെ ബാറ്ററികൾ, പൈലറ്റുമാരുടെ പാരച്യൂട്ടുകൾ, എമർജൻസി ഇജക്ഷൻ കാട്രിഡ്ജുകൾ, പവർ കാർട്ടുകൾ തുടങ്ങി പറക്കലിന് അത്യന്താപേക്ഷിതമായ ഉൽപന്നങ്ങളെല്ലാം ഇപ്പോൾ തദ്ദേശീയമായാണ് തയ്യാറാക്കുന്നത്. പൂർണ്ണമായും വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രീതി മാറ്റിയെടുത്തതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 582 കോടി രൂപയുടെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാനായി.
വ്യോമസേനയുടെ മെയിന്റനൻസ് വിഭാഗത്തിന്റെ കരുത്തിൽ അറുപത്തിരണ്ടായിരത്തിലധികം ചെറുതും വലുതുമായ സാങ്കേതിക ഘടകങ്ങളാണ് ഇതിനകം ഇന്ത്യയിൽ രൂപകൽപ്പന ചെയ്തത്. വിതരണ ശൃംഖല തടസ്സപ്പെടുന്ന അടിയന്തര സാഹചര്യങ്ങൾ മറികടക്കാൻ അത്യാധുനിക 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ സംരംഭകരെയും പങ്കാളികളാക്കിയാണ് വ്യോമസേന ഈ നേട്ടം സ്വന്തമാക്കിയത്.
റഷ്യയിൽ നിന്നും ഫ്രാൻസിൽ നിന്നുമെത്തിയ സുഖോയ്, മിഗ്, മിറാഷ്, റാഫേൽ തുടങ്ങിയ വമ്പൻ പോർവിമാനങ്ങളുടെ എൻജിൻ ജോലികൾക്ക് ഇപ്പോഴും വിദേശ പിന്തുണ ആവശ്യമാണെങ്കിലും, റഷ്യ-യുക്രൈൻ യുദ്ധം സൃഷ്ടിച്ച വിതരണ തടസ്സങ്ങൾ സേനയ്ക്ക് വലിയൊരു പാഠമായി മാറി. ഇതോടെ റഷ്യൻ നിർമ്മാതാക്കളുമായി നേരിട്ട് സഹകരിച്ച് വിമാനങ്ങളുടെ മുഴുവൻ സർവീസിംഗും സ്‌പെയർ പാർട്സ് നിർമ്മാണവും പൂർണ്ണമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വ്യോമസേന ഇപ്പോൾ.








