ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ലോകത്തിന് മുന്നിൽ വൻ നാണക്കേടും കനത്ത പ്രഹരവുമേറ്റുവാങ്ങിയ പാകിസ്ഥാൻ, പുതിയ പ്രചാരണവുമായി രംഗത്ത്. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ഇറാൻ തങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിരുന്നുവെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ അവകാശപ്പെട്ടതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
എന്നാൽ സംഘർഷ സമയത്ത് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പരസ്യമായി നിലപാടെടുത്ത ഇറാൻ, വാസ്തവത്തിൽ പാകിസ്ഥാന് എന്ത് സഹായമാണ് നൽകിയതെന്ന് വ്യക്തമാക്കാൻ ഇസ്ലാമാബാദിന് സാധിച്ചിട്ടില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വയംരക്ഷാർത്ഥം നടത്തിയ സൈനിക നടപടിക്ക് ആഗോളതലത്തിൽ വൻ പിന്തുണയാണ് ലഭിച്ചിരുന്നത്.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ പാകിസ്ഥാനെ കൂടാതെ വിരലിലെണ്ണാവുന്ന മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയുടെ ശക്തമായ നിലപാടിനെ എതിർത്തിരുന്നതെന്നും, ലോകരാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യയുടെ ഭാഗത്തായിരുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പതറിയ പാകിസ്ഥാനും, ഇരട്ടത്താപ്പ് നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇറാനും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുക്കെട്ട് ആഗോള നയതന്ത്ര രംഗത്ത് പാകിസ്ഥാന്റെ പൂർണ്ണമായ ഒറ്റപ്പെടലിനെയാണ് വീണ്ടും അടിവരയിടുന്നത്.








