പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട കപ്പൽ ഗതാഗത തടസ്സം മൂലം കേരളത്തിലെ കയറ്റുമതി മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തുനിന്ന് കയറ്റി അയച്ച ചരക്കുകൾ പോലും ലക്ഷ്യസ്ഥാനങ്ങളിൽ എത്താതിരിക്കുകയും പുതിയ ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തതോടെ വിപണി നിശ്ചലമായിരിക്കുകയാണ്.
ഓണം വിപണി ലക്ഷ്യമിട്ട് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്നടക്കം കയറ്റിവിട്ട പച്ചക്കറികൾ ഉൾപ്പെടെയുള്ള പല ചരക്കുകളും കടലിൽ കുടുങ്ങി നശിച്ചതോടെ പ്രവാസ വിപണിയിലെ സീസൺ വ്യാപാരം പൂർണ്ണമായും തകർന്നു. വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികൾ ലക്ഷ്യമിട്ടുള്ള ഓർഡറുകൾ അയക്കേണ്ട സമയമായിട്ടും ചരക്കുനീക്കത്തിലെ അനിശ്ചിതത്വം ഭയന്ന് പല പ്രമുഖ കയറ്റുമതി കമ്പനികളും വ്യാപാരത്തിൽ നിന്ന് പിന്മാറുകയാണ്.
ഈ പ്രതിസന്ധി കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി മേഖലയെയും മത്സ്യത്തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്. സംഭരിച്ചുവെച്ച ലക്ഷക്കണക്കിന് രൂപയുടെ സമുദ്രോത്പന്നങ്ങൾ ആവശ്യത്തിന് റഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ ലഭ്യമല്ലാത്തതിനാൽ തുറമുഖങ്ങളിലും ഫാക്ടറികളിലും കെട്ടിക്കിടക്കുകയാണ്. അടുത്തിടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ ചരക്കുമായി ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തില്ലെന്ന് കണ്ടതോടെ മുംബൈ തുറമുഖത്ത് ഇറക്കേണ്ടി വരികയും, ഉയർന്ന ഡെമറേജ് ചാർജ്ജ് കാരണം ചരക്ക് വീണ്ടെടുക്കാനാവാതെ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു.
ഇതിനുപുറമെ, ഗൾഫിലേക്കുള്ള ഒരു കണ്ടെയ്നറിന്റെ ലൈനർ ചാർജ്ജ് 700 ഡോളറിൽ നിന്ന് 1500 ഡോളറായി കുതിച്ചുയർന്നതും, സാധാരണ അഞ്ചുദിവസം കൊണ്ട് എത്തിയിരുന്ന ചരക്കുകൾ മാസങ്ങൾ കഴിഞ്ഞിട്ടും എത്താതിരിക്കുന്നതും കയറ്റുമതിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ആയിരക്കണക്കിന് കണ്ടെയ്നറുകൾ സമുദ്രപാതകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ പുതിയ ചരക്ക് കയറ്റാൻ ആവശ്യത്തിന് കാലി കണ്ടെയ്നറുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.








