മുന്നിൽ കണ്ട വീടുകളും കെട്ടിടങ്ങളും നിമിഷനേരം കൊണ്ട് പ്രളയജലത്തിൽ ഇല്ലാതാകുമ്പോൾ, 24-കാരനായ ബിബേക് കുമാൽ ജീവനുവേണ്ടി പകച്ചുനിൽക്കുകയായിരുന്നു. നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച പ്രളയത്തിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ഈ യുവാവിന് രക്ഷയായത് അടുത്തുനിന്നൊരു മാവായിരുന്നു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള റസുവയ്ക്ക് സമീപം വീട്ടുജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് വൻ ശബ്ദത്തോടെ ചെളിയും കല്ലും നിറഞ്ഞ പ്രളയജലം ഇരച്ചെത്തിയത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും കുഴിയിൽ നിന്ന് കയറുമ്പോഴേക്കും ബിബേക് വൻ ജലപ്രവാഹത്തിൽപ്പെടുകയായിരുന്നു.
ഭൂകമ്പത്തിന് തുല്യമായ പ്രഹരശേഷിയോടെയെത്തിയ വെള്ളപ്പാച്ചിൽ യുവാവിനെ അവശിഷ്ടങ്ങൾക്കൊപ്പം ഒഴുക്കിക്കൊണ്ടുപോയി. എന്നാൽ ഭാഗ്യവശാൽ വഴിയരികിലുണ്ടായിരുന്ന ഒരു മാവിൽ ഉടക്കിപ്പിടിച്ചാണ് ബിബേക് ജീവൻ നിലനിർത്തിയത്. മാവിൻകൊമ്പിൽ തൂങ്ങിക്കിടക്കവേ താൻ ജോലി ചെയ്തിരുന്ന വീട് പ്രളയം വിഴുങ്ങുന്നത് കണ്ട നടുക്കം യുവാവ് ഇപ്പോഴും പങ്കുവെക്കുന്നു. പിന്നീട് പൊലീസെത്തിയാണ് കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നേപ്പാളിലെ ദുരന്തഭൂമിയിൽ നിന്നും ബിബേകിനെപ്പോലെ നിരവധി പേരുടെ രക്ഷപ്പെടൽ വാർത്തകൾ പുറത്തുവരുമ്പോഴും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായ പ്രദേശത്ത് വൻ തോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.








